കനിയാതെ കർണാടക; കേരള -കുടക് പൊതുഗതാഗത നിരോധനം ഒക്ടോബർ 30 വരെ നീട്ടി
text_fields
കണ്ണൂർ: കോവിഡ് നിയന്ത്രണത്തിെൻറ പേരിൽ കർണാടക അതിർത്തി അടക്കൽ തുടരുേമ്പാൾ നട്ടംതിരിയുകയാണ് മലയാളി കുടുംബങ്ങൾ. കേരള -കുടക് പൊതുഗതാഗത നിരോധനം ഒക്ടോബർ 30 വരെ നീട്ടിയതോടെ കർണാടകയിലുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിൽ തുടരുകയാണ്. മറ്റ് ചെക്പോസ്റ്റുകളിൽ അൽപം ഇളവുകൾ ലഭിക്കുേമ്പാൾ പ്രധാന അതിർത്തിയായ മാക്കൂട്ടത്ത് കടുത്ത നിയന്ത്രണമാണ്. രണ്ടുഡോസ് വാക്സിൻ എടുത്തവർക്കുപോലും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ജില്ലയിൽനിന്ന് ബംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി.സിയുടെ ഒറ്റ സർവിസ് മാത്രമാണ് നിലവിലുള്ളത്. കണ്ണൂരിൽനിന്ന് രാവിലെ 7.30ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ ഒമ്പതിന് ബംഗളൂരുവിൽനിന്ന് മടങ്ങും. മാനന്തവാടി വഴിയാണ് ഈ ബസ് പോകുന്നത്. തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽനിന്ന് കർണാടകയിലേക്ക് സർവിസ് നടത്തിയിരുന്ന ബസുകളെല്ലാം ഓട്ടം നിർത്തി. കണ്ണൂരിൽനിന്ന് നാലും തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽനിന്ന് രണ്ടുവീതവും ബസുകളാണ് നേരത്തെ ബംഗളൂരുവിലേക്ക് സർവിസ് നടത്തിയിരുന്നത്. മൈസൂരു ബസുകളും ഓടുന്നില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ ഈ സർവിസുകൾ പുനഃസ്ഥാപിക്കുന്നതിനിടയിലാണ് കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണെന്ന പേരിൽ കർണാടക വീണ്ടും ഗതാഗത നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ ഒക്ടോബർ 30 വരെയാണ് നിരോധനം.
പഠന, ജോലി, കച്ചവട, കൃഷി ആവശ്യങ്ങൾക്കായി അതിർത്തികടന്ന ആയിരക്കണക്കിന് ആളുകളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. സ്വകാര്യ ബസുകൾ വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ കാസർകോട് സുള്ള്യ വഴിയാണ് അതിർത്തി കടക്കുന്നത്. നേരത്തെ അമ്പതോളം വാഹനങ്ങൾ സർവിസ് നടത്തിയിരുന സ്ഥാനത്ത് ഇപ്പോൾ 10 എണ്ണം മാത്രമാണ് ഓടുന്നത്. സ്വകാര്യ വാഹനങ്ങളും മാക്കൂട്ടം കടക്കാൻ പാടുപെടുകയാണ്.
കോവിഡ് ഒതുങ്ങിയതോടെ ബംഗളൂരുവിലെ ചില കമ്പനികൾ വർക്ക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ നാട്ടിലായ ജീവനക്കാർ കർണാടകയിലേക്ക് കടക്കാൻ പാടുപെടുകയാണെന്നും കുട്ടികൾ അടങ്ങുന്ന കുടുംബമടക്കം കിലോമീറ്ററുകൾ ചുറ്റിയാണ് അതിർത്തി കടക്കുന്നതെന്നും ബംഗളൂരുവിൽ ജോലിചെയ്യുന്ന ഗൗതം പറഞ്ഞു. മാക്കൂട്ടത്ത് താൽക്കാലിക കെട്ടിടമൊരുക്കി നിരീക്ഷണ കാമറകളടക്കം സ്ഥാപിച്ചാണ് കർണാടക ചെക്പോസ്റ്റിലെ നടപടികൾ കർശനമാക്കുന്നത്.
നവംബർ ആദ്യത്തോടെ ഗതാഗതം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ രോഗസ്ഥിരീകരണ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ വന്നാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ സാധ്യതയുള്ളൂവെന്നും സൂചനയുണ്ട്. കണ്ണൂർ വഴി പൊതുഗതാഗതം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർണാടക ആർ.ടി.സി സർക്കാറിനെ സമീപിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.