ഹരിതസ്വപ്നങ്ങൾക്ക് തിരിച്ചടി; റംസാർ സൈറ്റിൽപെടാതെ കാട്ടാമ്പള്ളിയും കവ്വായിയും
text_fieldsകണ്ണൂർ: പ്രധാന തണ്ണീർത്തടങ്ങളായ കാട്ടാമ്പള്ളിയും കവ്വായിയും റംസാർ സൈറ്റ് പദവിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തത് ജില്ലയുടെ ഹരിതസ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നു. അഷ്ടമുടിയും ശാസ്താംകോട്ടയും വേമ്പനാട്ടും ഈ പട്ടികയിൽ ഉൾപ്പെടുത്തിയ 2002ൽ തന്നെ ഈ രണ്ട് തണ്ണീർത്തടങ്ങളെയും ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നതാണ്.
യുനൈറ്റഡ് നേഷൻസ് എൻവയൺമെൻറ് പ്രോഗ്രാമിന്റെ ആഗോള പ്രാധാന്യമർഹിക്കുന്ന തണ്ണീർത്തട പട്ടികയായ 'റംസാർ സൈറ്റി'ൽ
ഉൾപ്പെടാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കാട്ടാമ്പള്ളിയെയും കവ്വായിയെയും അവഗണിക്കുകയാണ്. കണ്ണൂർ കോർപറേഷനിലും ചിറക്കൽ, നാറാത്ത്, മുണ്ടേരി, മയ്യിൽ, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലുമായി 7.5 ചതുരശ്ര കിലോമീറ്റർ വ്യാപിക്കുന്നതാണ് ഈ കാട്ടാമ്പള്ളി തണ്ണീർത്തടം. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ ആവാസകേന്ദ്രമായതിനാൽ ബേർഡ് ലൈഫ് ഇൻറർനാഷനൽ 2004ൽ കാട്ടാമ്പള്ളിയെ പ്രധാന പക്ഷിസങ്കേതമായി പ്രഖ്യാപിച്ചിരുന്നു. വിവിധതരം പക്ഷികൾക്ക് പുറമെ 74 ഇനം മത്സ്യങ്ങളും 16 ഇനം ഞണ്ടുകളുമുണ്ട്.
1258 ഹെക്ടർ നെൽകൃഷിയിറക്കിയ സ്ഥലത്ത് 958 ഹെക്ടറിൽ കൈപ്പാട് കൃഷിയുണ്ടായിരുന്നു. മണ്ണിന്റെ ജൈവഘടന മാറിയതോടെ കൈപ്പാട് കൃഷി പറ്റാത്ത ഇടമായി ഈ മേഖല മാറി.
റംസാർ സൈറ്റ്
1971 ഫെബ്രുവരി 12ന് ഇറാനിലെ റംസാർ എന്ന പട്ടണത്തിൽ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങൾ ചേർന്ന് രൂപവത്കരിച്ചതാണ് റംസാർ കൺവെൻഷൻ. കരാറിൽ ഒപ്പുവെച്ചതോടെയാണ് കൺവെൻഷൻ നിലവിൽ വന്നത്. പ്രകൃതിവിഭവങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും വീണ്ടെടുപ്പാണ് ഈ കൺവെൻഷനിലെ പ്രധാന നിർദേശങ്ങളിലൊന്ന്.
സർവേയിലൊതുങ്ങി ജൈവവൈവിധ്യ കലവറ
ജൈവവൈവിധ്യങ്ങളുടെ കലവറയായ കവ്വായി കായലിന് റംസാർ സൈറ്റ് പദവി നൽകുന്നതിനുള്ള പ്രവൃത്തിയും സർവേയിൽ ഒതുങ്ങി. ഏതാനും വർഷം മുമ്പ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കായൽ സന്ദർശിച്ച് സർവേ നടത്തിയിരുന്നെങ്കിലും തുടർനടപടികൾ ചുവപ്പുനാടയിലായതാണ് പ്രതീക്ഷക്ക് മങ്ങലേൽപിച്ചത്. നിരവധി ദേശാടന പക്ഷികളും മറ്റു ജീവജാലങ്ങളുമെത്തുന്ന കായലിനെ പ്രത്യേക
പരിസ്ഥിതിപ്രാധാന്യം നൽകി സംരക്ഷിക്കുന്നതിന് സംസ്ഥാനസർക്കാറും പയ്യന്നൂർ നഗരസഭയും സംയുക്തമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കി.മീ നീളത്തിലുള്ള കായലിന്റെ ജൈവികസമ്പന്നത പ്രസിദ്ധമാണ്.
കൈയേറ്റവും മറ്റും കാരണം കായൽ നശിക്കുകയും ജൈവ വൈവിധ്യങ്ങൾക്ക് കനത്ത പ്രഹരമേൽക്കുകയും ചെയ്യുന്നു. ഇതേത്തുടർന്നാണ് കവ്വായി കായൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള തടാകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.