കയാക്കിങ് അക്കാദമിയാവാനൊരുങ്ങി കാട്ടാമ്പള്ളി
text_fieldsകണ്ണൂർ: സംസ്ഥാന സർക്കാറിനുകീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാവാൻ ഒരുങ്ങുകയാണ് കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി ചേർന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കാട്ടാമ്പള്ളി പുഴയുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് കയാക്കിങ് കേന്ദ്രത്തെ അക്കാദമിയായി ഉയർത്തുന്നത്. ഇതിന്റെ മുന്നോടിയായുള്ള നിർമാണ പ്രവൃത്തി കെ.വി. സുമേഷ് എം.എൽ.എ, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് വിലയിരുത്തി.
ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി സഹകരിച്ച് കയാക്കിങ് സർട്ടിഫിക്കറ്റ് കോഴ്സുകൾ, ലൈഫ് സേവിങ് ടെക്നിക് കോഴ്സുകൾ, ഒളിമ്പിക് കയാക്ക് എന്നിവക്കുള്ള അനുബന്ധ സൗകര്യം ഇതിനോടനുബന്ധിച്ച് നടത്തും. സീറോ വേസ്റ്റ് സംവിധാനത്തിലാവും കേന്ദ്രത്തിന്റെ പ്രവർത്തനം. അക്കാദമിയാവുന്നതോടെ സെന്ററിന്റെ ഇപ്പോഴത്തെ സ്ഥലസൗകര്യം വർധിപ്പിക്കുന്നതടക്കമുള്ള കാര്യം പരിഗണിക്കും.
കണ്ണൂർ നഗരത്തിൽനിന്ന് എളുപ്പം എത്താമെന്നതും സാഹസിക ജല വിനോദത്തിനുള്ള സാധ്യതകളുമാണ് കാട്ടാമ്പള്ളി സെന്ററിനെ വ്യത്യസ്തമാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, മേജർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എം.സി. സജീവ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ എന്നിവരും കേന്ദ്രം സന്ദർശിച്ചു.
നിർമാണ പ്രവൃത്തി രണ്ടുഘട്ടങ്ങളിലായി
രണ്ടുഘട്ടങ്ങളിലായാണ് നിർമാണ പ്രവൃത്തി നടന്നത്. ആദ്യഘട്ടത്തിൽ 80,80172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടവും 10 സിംഗിൾ കയാക്, 14 ഡെബ്ൾ കയാക്ക് വഞ്ചികളും ഒരുക്കി. കെട്ടിടത്തിൽ കയാക്ക് സ്റ്റോർ, ടോയ്ലറ്റ് സൗകര്യം, അടുക്കള, കഫ്റ്റീരിയ എന്നിവയാണുണ്ടാവുക. രണ്ടാംഘട്ടത്തിൽ ചുറ്റുമതിൽ, പാർക്കിങ് ഏരിയ ഇൻറർലോക്കിങ്, ഫ്ലോട്ടിങ് ബോട്ട് ജെട്ടി എന്നിവ പൂർത്തിയാക്കി. ഒരു പെഡൽ ബോട്ട്, ഒരു സ്പീഡ് ബോട്ട്, നാല് കയാക്ക് വഞ്ചികൾ എന്നിവയും രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കും.
99,72,069 രൂപയാണ് രണ്ടാംഘട്ട നിർമാണ ചെലവ്. കൊച്ചി കേന്ദ്രമായ വാപ്കോസാണ് പ്രവൃത്തി നടത്തിയത്. വൈദ്യുതി കണക്ഷൻ പൂർത്തിയാക്കി താൽപര്യപത്രം ക്ഷണിച്ച് മാർച്ച് പകുതിയോടെ കേന്ദ്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.