ആറളം ഫാമിൽ ഒരാഴ്ചക്കുള്ളിൽ നശിച്ചത് 107 തെങ്ങുകൾ
text_fieldsകേളകം: സംസ്ഥാനത്തെ സുപ്രധാന ഫാമായ ആറളം കാർഷിക ഫാം വീണ്ടും കാട്ടാനകളുടെ വിഹാരകേന്ദ്രമായി. കാട്ടാനയുടെ ആക്രമണത്തിൽ ഒരാഴ്ചക്കുള്ളിൽ നശിച്ചത് 107 തെങ്ങുകൾ. രണ്ട് വർഷത്തിനിടെ ഇല്ലാതായത് ആറായിരം കായ്ഫലമുള്ള തെങ്ങുകൾ. കാർഷിക വിളകൾ നശിച്ച് ആറളം ഫാം വീണ്ടും നഷ്ടക്കയത്തിലേക്കാണ് കൂപ്പുകുത്തുന്നത്. ഫാമിെൻറ ഫലഭൂയിഷ്്ഠമായ എട്ടാം ബ്ലോക്ക് തരിശ്ശാക്കിയ കാട്ടാനകൾ ആറളം ഫാം തരിശ്ശാക്കുമ്പോഴും കാട്ടാനകളെ സമയബന്ധിതമായി തുരത്താനാവാതെ ഇരുട്ടിൽ തപ്പുകയാണ് വനപാലകർ. ബ്ലോക്ക് എട്ടിൽ ഒരാഴ്ചക്കകം 107 തെങ്ങുകൾ നശിപ്പിച്ചതായി ഫാം മാനേജിങ് ഡയറക്ടർ അരുൺ ഘോഷ് അറിയിച്ചു.
ഈ മാസം ഇതുവരെ വിവിധ ബ്ലോക്കുകളിൽ നൂറുകണക്കിന് കായ്ഫലമുള്ള തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനശല്യത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടം ഫാമിനുണ്ടായതായി അധികൃതർ കണക്കുനിരത്തി. കാട്ടാന, കാട്ടുപന്നി, കുരങ്ങ് ശല്യം മൂലം ആറളം ഫാമിൽ നഷ്ട പട്ടിക വർധിക്കുമ്പോൾ കാട്ടാന ശല്യം തടയുന്നതിൽ വനംവകുപ്പ് നിസ്സംഗത തുടരുകയാണെന്ന് ഫാം അധികൃതർ പറഞ്ഞു.ആറളം ഫാം കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. നിലവിൽ പത്തിലധികം കാട്ടാനകൾ ഫാമിലുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ആറളം ഫാമിൽ കാട്ടാനകൾ കാർഷിക വിളകൾ ദിനേന ചവിട്ടിമെതിച്ച് ഫാമിെൻറ നഷ്ട പട്ടിക പെരുക്കുമ്പോഴും കാട്ടാനകളെ തുരത്തി നാടിെൻറ അഭിമാനമായ പ്രദേശം സംരക്ഷിക്കുന്നതിൽ വനം വകുപ്പ് അലംഭാവം തുടരുകയാണ്.
ഫാം അതിർത്തിയിൽ ആന മതിൽ സ്ഥാപിക്കാനുള്ള നടപടികളും ഇഴയുകയാണെന്ന് ഫാം അധികൃതർ പറയുന്നു.വർഷങ്ങളായി ആറളത്ത് കാട്ടാനകളുടെ ശല്യം മൂലം ആറായിരത്തിലധികം തെങ്ങുകളാണ് നശിച്ചത്. ഇനിയും കാട്ടാനകളുടെ വിളയാട്ടം തടയാനായില്ലെങ്കിൽ ആറളം ഫാം വിസ്മൃതിയിലാവുമെന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.