കാട്ടാനക്ക് ഇരയായത് 11 പേർ; ഉറക്കം നഷ്ടപ്പെട്ട് വനാതിർത്തി ഗ്രാമങ്ങൾ
text_fieldsകേളകം: ആറളം, കൊട്ടിയൂർ വനപരിധികളിൽ കാട്ടാനക്കൊമ്പിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം പെരുകുന്നു. ഏഴ് കൊല്ലത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമായി കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനൊന്നായി.
ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി ആറളം ഫാം മാറി. അറുപതിലേറെ ആനകൾ ഫാം അധീന മേഖലയിൽ ഉണ്ടെന്നാണ് ഇവിടത്തെ തൊഴിലാളികൾ പറയുന്നത്. വർഷംതോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരുന്നതായാണ് അനുഭവം. ആറളം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യസംഭവമായി. അടുത്തിടെയാണ് ഇരിട്ടി പട്ടണത്തിന് മൂന്ന് കിലോമീറ്റർ അരികിൽ വരെ ആനയെത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽനിന്ന് നിരവധി ജനവാസ മേഖലകൾ കടന്നാണ് ആനകൾ പായം മുക്കിലും അത്തിത്തട്ടിലും എത്തിയത്.
തിങ്കളാഴ്ച രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന ചെത്തുതൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷിനെ ചവിട്ടിക്കൊന്നത്. റിജേഷ് അടക്കം നാല് തൊഴിലാളികൾ തെങ്ങുചെത്താൻ പോവുന്നതിനിടെയാണ് ആനക്ക് മുന്നിൽപെട്ടത്. തൊഴിലാളികൾ ചിതറിയോടുന്നതിനിടയിലാണ് റിജേഷിനെ ആന പിന്തുടർന്ന് ചവിട്ടിക്കൊന്നത്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖല ഏഴാം ബ്ലോക്കിലെ ബാബു - സിന്ധു ദമ്പതികളുടെ മകൻ ബിബീഷ് (19), ഫാം തൊഴിലാളി ആറളം പന്നിമൂലയിലെ ബന്ദപ്പാലൻ ഹൗസിൽ കെ. നാരായണൻ, കൊട്ടിയൂർ പന്നിയാംമലയിൽ മേപ്പനാം തോട്ടത്തിൽ ആഗസ്തി, ഫാം പത്താം ബ്ലോക്കിൽ ചപ്പിലി കൃഷ്ണൻ, കൈതകൃഷിക്കാരൻ ബിജു, പതിമൂന്നാം ബ്ലോക്കിലെ ദേവു എന്ന വൃദ്ധയെയും കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിച്ചത്. കാട്ടുപന്നി കുത്തി ഒരാളും മലമാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചു. കൂടാതെ 2021 സെപ്റ്റംബർ 26 ന് പുലർച്ച ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവമായിരുന്നു. രാവിലെ ബൈക്കിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
ഇതുകൂടാതെ കാട്ടുപന്നിയുടെ കുത്തേറ്റും ഫാമിൽ ആദിവാസി വീട്ടമ്മ മരിച്ചിരുന്നു. ഫാമിനോട് ചേർന്ന കേളകം ചെട്ടിയാംപറമ്പിലും കൊട്ടിയൂരിലും ഒരാൾ വീതവും ഫാമിൽ രണ്ടുപേരും കാട്ടാന ആക്രമണത്തിൽ മരിച്ചിട്ടുണ്ട്.
കാട്ടാന ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ് ശയ്യാവലംബരായവരും നിരവധിയാണ്. ദാരുണ മരണങ്ങൾ പെരുകുമ്പോൾ വനം വകുപ്പിനെതിരെ പ്രതിഷേധം കത്തുകയാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാതെ വനം വകുപ്പ് അവഗണിക്കുകയാണെന്നും കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തിൽനിന്ന് തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സൽക്കാർ സംവിധാനങ്ങൾ പരാജയമാണെന്നും ജനങ്ങൾ വിലപിക്കുന്നു. കാട്ടാനകളുടെ ആക്രമണത്തിൽ ദാരുണ മരണങ്ങൾ പെരുകാതിരിക്കാൻ വനാതിർത്തികളിൽ ആന മതിൽ ഉൾപ്പെടെ പ്രതിരോധ സംവിധാനം ശക്തമാക്കണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്. എന്നാൽ, നടപ്പായിട്ടില്ല. കാട്ടാന ഭീതിമൂലം വനാതിർത്തി പ്രദേശത്തെ ജനങ്ങൾ ശാന്തമായുറങ്ങിയിട്ട് വർഷങ്ങളായി.
വനപാലകരെ നാട്ടുകാർ ഉപരോധിച്ചു
കേളകം: ആറളം ഫാമിൽ തെങ്ങുചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെയാണ് മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയപുരയിൽ പി.പി. റിജേഷ് (35) ആറളം ഫാമിലെ ഒന്നാം ബ്ലോക്കിൽ കൊല്ലപ്പെട്ടത്. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ അനുവദിച്ചില്ല. 11 മണിയോടെ റിജേഷിന്റെ ബന്ധുക്കളുടെ ആഭ്യർഥന മാനിച്ചാണ് ഒടുവിൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രദേശത്ത് തടിച്ചുകൂടിക നൂറുകണക്കിന് നാട്ടുകാരും തൊഴിലാളികളും സംഭവസ്ഥലത്തെത്തിയ ഡി.എഫ്.ഒ കാർത്തിക്കിനെയും ആറളം വൈൽഡ് ലൈഫ് വാർഡനെയും തടഞ്ഞുവെച്ചു. ആനപ്രതിരോധ കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കൾ സംസാരിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. 12 മണിയോടെ എം.എൽ.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കുശേഷം ഫാമിനുള്ളിലെ മുഴുവൻ കാട്ടനകളെയും ഉടൻ കാട്ടിലേക്ക് തുരത്താനുള്ള സംവിധാനം ഒരുക്കാമെന്ന ഉറപ്പുനൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.