ആറളം ഫാമിൽ തമ്പടിച്ച 15 കാട്ടാനകളെ വനത്തിലേക്ക് തുരത്തി
text_fieldsകേളകം: ആറളം ഫാമിൽ വീണ്ടും കാട്ടാന തുരത്തൽ യജ്ഞം. ഫാമിൽ തമ്പടിച്ച 15 കാട്ടാനകളെ ശനിയാഴ്ച വനത്തിലേക്ക് തുരത്തി വിട്ടു. ഫാമിലെ ബ്ലോക്ക് ആറിൽ തമ്പടിച്ച് മേഖലയിൽ നാശം വിതച്ച രണ്ട് ആനക്കൂട്ടങ്ങളെയാണ് ആറളം ഫാം സെക്യൂരിറ്റി ടീമംഗങ്ങളും ആറളം വൈൽഡ് ലൈഫ്, മണത്തണ, കീഴ്പ്പള്ളി സെക്ഷൻ അധികൃതരും ആർ.ആർ.ടിയും ചേർന്ന് താളിപ്പാറ വഴി ആറളം വന്യ ജീവി സങ്കേതത്തിലേക്ക് തുരത്തിയത്. ഇവിടെ തമ്പടിച്ച കാട്ടാനകൾ കാർഷിക ഫാമിലും പുനരധിവാസ മേഖലയിലും കുറച്ചു ദിവസങ്ങളായി വ്യാപക കൃഷി നാശവും ജങ്ങളിൽ ഭീതിയും പരത്തിയിരുന്നു. കഴിഞ്ഞ ദിവസം പാലപ്പുഴ -കീഴ്പ്പള്ളി പാതയോട് ചേർന്ന ഫാമിന്റെ കോക്കനട്ട് നഴ്സറിയിലടക്കം വൈദ്യുതി വേലി തകർത്ത് അകത്തു കടന്ന ആനകൾ നാശം വരുത്തിയിരുന്നു. കൂടാതെ പുനരധിവാസ മേഖലയിലെ താമസക്കാരുടെ വീട്ടു മുറ്റങ്ങളിൽ വരെ ആനകളെത്തി കാർഷിക വിളകൾ നശിപ്പിക്കുകയും പ്രദേശ വാസികളിൽ ഭീതി പരത്തുകയും ചെയ്തിരുന്നു. ഫാം അഡ്മിനിസ്ട്രേറ്റർ നിതീഷ്കുമാർ ഫാം മേഖലയിൽ നിന്ന് ഉടനടി ആനകളെ തുരത്തി വിടണമെന്ന് വന്യജീവി സങ്കേതം അധികൃതരോടെ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.