ആറളം ഫാം പുനരുദ്ധാരണത്തിന് 4.14 കോടി
text_fieldsകേളകം: ആറളം ഫാമിന്റെ പുനരുദ്ധാരണത്തിന് 4.14 കോടി രൂപ അനുവദിച്ചു. വിവിധ പദ്ധതികളുടെ കരടുകൾ പട്ടികവർഗ വികസന വകുപ്പിലേക്ക് സമർപ്പിച്ചതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്. ആറളം ഫാം മേഖലയിൽ പുനരധിവസിക്കപ്പെട്ട പട്ടികവർഗക്കാരുടെ ജീവനോപാധി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ അനുവദിച്ചത്.
ഗുണമേന്മയുള്ള തെങ്ങുകൾ, പാരമ്പര്യ ഗോത്ര പച്ചക്കറി വിത്തുകൾ ഉൽപാദിപ്പിച്ച് കർഷകർക്ക് നൽകുന്നതിന് 1.03 കോടി, തെങ്ങ്, കശുമാവ്, കവുങ്ങ്, പുനഃസ്ഥാപിക്കുന്നതിനും യന്ത്രവത്കൃത കൃഷി നടപ്പിലാക്കുന്നതിനും 1.98 കോടി, പോത്ത് വളർത്തൽ പദ്ധതിക്കായി 21 ലക്ഷം, മാതൃവൃക്ഷത്തോട്ടം നിർമിക്കുന്നതിന് 36 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. കശുവണ്ടി സംസ്കരണ കേന്ദ്രത്തിനും ശാസ്ത്രീയ കൂൺ വളർത്തൽ പദ്ധതിക്കും തുക അനുവദിച്ചു. പദ്ധതികളുടെ നിർവഹണത്തിനായി ജൂനിയർ അഗ്രികൾച്ചർ ഓഫിസർ, അഗ്രികൾചർ ഇന്റേൺസ് എന്നിവരെ കണ്ടെത്താൻ വിജ്ഞാപനം നൽകിയിട്ടുണ്ട്. കരടുകൾ പരിശോധിച്ച് മുൻഗണന ക്രമത്തിലാണ് പദ്ധതികൾ അംഗീകരിച്ചു വന്നിരിക്കുന്നതെന്ന് ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. നിതീഷ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.