കൊട്ടിയൂരിൽ നാലംഗ മാവോവാദി സംഘമെത്തി
text_fieldsകേളകം: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോവാദിസംഘം എത്തി. കോളനിയിലെ ദിനേശന്റെ വീട്ടിൽ ശനിയാഴ്ച രാത്രി ഏഴോടെയാണ് മാവോവാദി സംഘം എത്തിയത്. യൂനിഫോം ധാരികളായ രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരും അടങ്ങുന്ന സംഘത്തിന്റെ കൈവശം തോക്കുകളും ഉണ്ടായിരുന്നതായി ദിനേശൻ പറഞ്ഞു.
ഏഴോടെ വീട്ടിലെത്തിയ മാവോവാദി സംഘം ഫോൺ ചാർജ് ചെയ്തശേഷം അരിയും വാങ്ങി 12ഓടെയാണ് മടങ്ങിയതെന്നും ദിനേശൻ പറഞ്ഞു. ദിനേശൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മാവോവാദികളെ കണ്ടെത്താനായില്ല.
പവർ ബാങ്കും 4000 രൂപയും നൽകുകയും പലചരക്കുസാധനങ്ങൾ വാങ്ങിവെക്കാൻ ആവശ്യപ്പെട്ടതായും ചാർജ് ചെയ്ത് തിരികെനൽകാനാണ് പവർ ബാങ്ക് ഏൽപിച്ചതെന്നും ദിനേശൻ പറഞ്ഞു. മാവോവാദികൾ കോളനിയിലേക്ക് വീണ്ടും എത്തുമെന്ന് അറിയിച്ചാണ് മടങ്ങിയത്. കൂനംപള്ള കോളനിയുടെ സമീപ പ്രദേശമായ അമ്പായത്തോട്ടിൽ മുമ്പ് സായുധരായ മാവോവാദികൾ പ്രകടനം നടത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഴ്ചകൾക്കുമുമ്പ് ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാം കോളനിയിലും അഞ്ചംഗ മാവോവാദി സംഘം എത്തിയിരുന്നു. ഇവരിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിരുന്നു.
കണ്ണൂർ - വയനാട് അതിർത്തി: വട്ടമിട്ട് മാവോവാദി സംഘം; കനത്ത ജാഗ്രത
കേളകം: കണ്ണൂർ - വയനാട് അതിർത്തി പ്രദേശങ്ങളിൽ വീണ്ടും മാവോവാദി സംഘമെത്തിയതോടെ ജില്ലയിൽ ജാഗ്രതയോടെ പൊലീസ്. കൊട്ടിയൂർ കൂനമ്പള്ള കോളനിയിൽ നാലംഗ മാവോവാദി സംഘം എത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇതേതുടർന്ന് കണ്ണൂർ വനാതിർത്തി പ്രദേശങ്ങളിലും കോളനി പ്രദേശങ്ങളിലും പൊലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്. വയനാട് വനാതിർത്തി പ്രദേശങ്ങളിൽ വയനാട് പൊലീസും പരിശോധന നടത്തി. കഴിഞ്ഞ ദിവസം ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിയറ്റ്നാം കോളനിയിൽ മാവോവാദികളുടെ സായുധസംഘം എത്തിയ സംഭവത്തിലും പൊലീസ് കേസെടുത്തിരുന്നു.
കൊട്ടിയൂർ, വയനാട് അതിർത്തി വനപ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പ്രത്യേക പരിശീലനം നേടിയ തണ്ടർബോൾട്ട് സേനയും ലോക്കൽ പൊലീസും വിവിധ അന്വേഷണ ഏജൻസികളും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് മാവോവാദി സംഘങ്ങൾ എത്തിയ സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെടുത്തി.
കൂടാതെ പാതകളിൽ വാഹന പരിശോധനയും പൊലീസ് ഊർജിതമാക്കി. മാവോവാദി സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ഇത് തടയാൻ ഈ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ജില്ലയിൽ മാവോവാദി സാന്നിധ്യമുണ്ടായ കോളനികൾ ജില്ല ഭരണകൂടം സന്ദർശിച്ചിരുന്നു. മാവോവാദികളുടെ സാന്നിധ്യം വർധിച്ചതിനെ തുടർന്ന് കോളനികളിൽ നിരീക്ഷണവുമുണ്ട്.
മുമ്പ് കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്ത മാവോവാദികളുടെ ചുവപ്പ് ഇടനാഴി സജീവമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മാവോവാദികളെ കണ്ടെത്താനും നിരീക്ഷിക്കാനും കൂടുതൽ സേനയെയും അന്വേഷണ വിഭാഗങ്ങളെയും നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.