മണത്തണക്കാർക്ക് അതിഥി; അടുപ്പക്കാർക്ക് മുകുന്ദേട്ടൻ
text_fieldsകേളകം: പുറമെ കാണുന്ന കാർക്കശ്യത്തിനപ്പുറം സ്നേഹാർദ്രമായ മനസ്സും വാത്സല്യവും സൂക്ഷിക്കുന്നതായിരുന്നു അന്തരിച്ച പി.പി. മുകുന്ദന്റെ ജീവിതമെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നു. സംഘടനയിലും കുടുംബത്തിലുമെല്ലാം പ്രിയപ്പെട്ടവർക്ക് മുകുന്ദേട്ടനായിരുന്നു അദ്ദേഹം. കണ്ണൂരിലെ മലയോരമേഖലയായ മണത്തണയിൽനിന്നാണ് അഖിലേന്ത്യാതലത്തിൽവരെ അറിയപ്പെട്ട രാഷ്ട്രീയ നേതാവായി വളർന്നത്. 18ാം വയസ്സിൽ മണത്തണയിൽനിന്ന് സംഘടനാപ്രവർത്തനവുമായി സംസ്ഥാനത്താകെ ഓടിനടന്ന അദ്ദേഹം ഇടക്കിടെ ഓടിയെത്തിയിരുന്നത് മാതാവ് കല്യാണിയമ്മയുടെ അടുത്തേക്കും കൊട്ടിയൂരപ്പന്റെ ഉത്സവകാലത്തും മാത്രമായിരുന്നു. ജന്മനാട്ടിൽ അതിഥിയെ പോലെയായിരുന്ന അദ്ദേഹം സംഘടനാ പ്രവർത്തനത്തിൽനിന്ന് അകന്നതോടെ ഒരു ദശകത്തിലധികം മണത്തണയിലെ വീട്ടിൽ വിശ്രമജീവിതത്തിലായിരുന്നു.
അധികാരത്തിനുവേണ്ടി കലഹിക്കാത്ത രാഷ്ട്രീയക്കാരനായിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോൾ മുകുന്ദൻ മന്ത്രിയോ ഗവർണറോ ആകുമെന്ന് നാട്ടുകാരും അടുത്ത ബന്ധമുള്ളവരും പ്രതീക്ഷിച്ചിരുന്നു. അധികാരത്തിന് വേണ്ടി കർക്കശ നിലപാടുകളിൽ മാറ്റംവരുത്തിയതുമില്ല. വിശ്രമകാലത്ത് സ്വന്തം തറവാട് ക്ഷേത്രമായ കുളങ്ങരേത്ത് ദേവീക്ഷേത്രം നവീകരിച്ചു.
അവിടെ അദ്ദേഹം മുൻകൈ എടുത്ത് നിർമിച്ചതാണ് ഭൂഗർഭ ധ്യാനമണ്ഡപം. മണത്തണ ചപ്പാരം ക്ഷേത്ര നവീകരണത്തിനും മുൻനിരക്കാരനായി. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഊരാളന്മാരുടെ തറവാടുകളിലൊന്നായ കുളങ്ങരേത്ത് കുടുംബത്തിന്റെ നെടുംതൂണായിരുന്നു. വിശ്രമജീവിതം നയിക്കുമ്പോഴും കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് മുകുന്ദേട്ടനെ കാണാനായി മണത്തണയിൽ എത്തിയിരുന്നത് പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ്. രാഷ്ട്രീയ രംഗത്തിന് പുറമെ, സാംസ്കാരിക, സിനിമ-സാമൂഹിക രംഗത്തുള്ളവരുമായും ഏറെ അടുപ്പമുണ്ടായിരുന്നു. പാർട്ടിയിലെ പുതുതലമുറ നേതാക്കന്മാരുടെ പലരുടെയും ഗുരുസ്ഥാനീയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.