സ്കൂൾ ചുറ്റുമതിൽ വീണ്ടും തകർത്ത് കാട്ടാനക്കൂട്ടം
text_fieldsകേളകം: അടഞ്ഞുകിടക്കുന്ന ആറളം ഫാം മോഡൽ റസിഡൻഷൽ സ്കൂളിന്റെ മതിൽ തകർത്ത് കാട്ടാന. മൂന്നു മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കാട്ടാന സ്കൂളിന്റെ ചുറ്റുമതിൽ തകർക്കുന്നത്. ഫാമിന്റെ ഏഴാം ബ്ലോക്കിലെ ആദിവാസി പുനരധിവാസ മേഖലയിലാണ് മോഡൽ റസിഡൻഷൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്ഥിരം കാട്ടാനകൾ ഇറങ്ങുന്ന ജനവാസ മേഖലയാണിത്.
സ്കൂളിന്റെ ചുറ്റുമതിൽ തകർത്ത് കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച ആനയെ പ്രദേശവാസികൾ നിൽകിയ വിവരത്തെ തുടർന്ന് വനംവകുപ്പ് സംഘമെത്തി തുരത്തി. രണ്ടുമാസം മുമ്പ് മതിലിന്റെ 20 മീറ്ററോളം ഭാഗം ആന തകർത്തിരുന്നു. അടുത്തിടെയാണ് ഇത് പുനർനിർമിച്ചത്. പുനർനിർമിച്ച മതിലിന്റെ അഞ്ചു മീറ്ററോളം ഭാഗമാണ് കഴിഞ്ഞ രാത്രി തകർത്തത്.
ജില്ലയിൽ കാട്ടാനഭീഷണിയിൽ 40ഓളം ഗ്രാമങ്ങൾ
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്നും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽനിന്നുമാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടത്തിലേക്കും എത്തുന്നത്.
കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ ശാന്തിഗിരി, വളയംചാൽ, പന്നിയാംമല, പാൽച്ചുരം, ചാപ്പമല, കാളികയം എന്നീ ഗ്രാമങ്ങളും കാട്ടാന ഭീഷണിയിലാണ്. ആറളം പഞ്ചായത്തിലെ ആറളംഫാമിലും കീഴ്പ്പള്ളി, പുതിയങ്ങാടി, വിയറ്റ്നാം, പരിപ്പ്തോട്, പുതിയങ്ങാടി എന്നീ ഗ്രാമങ്ങളിലും മാസത്തിൽ രണ്ടും മൂന്നും തവണയാണ് ആനക്കൂട്ടം എത്തുന്നത്.
അയ്യൻകുന്ന് പഞ്ചായത്തിലെ ബാരാപോൾ, വാണിയപ്പാറ, മുടിക്കയം, കച്ചേരിക്കടവ്, വാളത്തോട്, എടപ്പുഴ എന്നിവ കാട്ടാനകളുടെ നിത്യസഞ്ചാര ഗ്രാമങ്ങളാണ്. ഉളിക്കൽ, പായം പഞ്ചായത്തുകളിൽ കാട്ടാനകളെത്തുന്നത് കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്നാണ്.
കാഞ്ഞിരക്കൊല്ലി, മണിക്കടവ്, മാട്ടറ, കലാങ്കി, പീടികക്കുന്ന്, ആനപ്പാറ, പേരട്ട, തൊട്ടിപ്പാലം, ഉദയഗിരി, പെരിങ്കിരി ഭാഗങ്ങളിലും ആനശല്യം രൂക്ഷമാണ്. ആനശല്യം തുടർകഥയാവുമ്പോഴും പ്രതിരോധ നടപടികൾ ഫലപ്രദമാവാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ ദിവസം ഉളിക്കൽ ടൗണിൽ കാട്ടാന ഇറങ്ങി ഒരാളെ കൊലപ്പെടുത്തിയതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.