ആറളം ഫാം സ്‌കൂളിൽ സ്ഥിരം അധ്യാപക തസ്തിക സൃഷ്ടിക്കും; നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്
text_fieldsകേളകം: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലെ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് വർഷമായിട്ടും സ്ഥിരം അധ്യാപക തസ്തിക അനുവദിക്കാത്ത വിഷയം നിയമസഭയിലും ചർച്ചയായി. ശൂന്യവേളിൽ സണ്ണിജോസഫ് എം.എൽ.എയാണ് പ്രശ്‌നം സഭയുടെ ശ്രദ്ധയിൽപെടുത്തിയത്. സ്‌കൂളിൽ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനായുള്ള അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചിട്ടുണ്ടെന്നും അതിൻമേൽ ചില അധിക വിവരങ്ങൾ കൂടി ആവശ്യമായതിനാൽ ഉടൻ സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചതായും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മറുപടി നൽകി. പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ പുതിയ നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തസ്തിക ഇല്ലാത്ത വിദ്യാലയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് പ്രിൻസിപ്പൽമാർക്കും ഹയർ സെക്കൻഡറി റീജനൽ ഡയറക്ടറേറ്റിനും അനുമതി നൽകിയിട്ടുണ്ട്. അതിനാൽ കുട്ടികളുടെ പഠനത്തിന് പ്രതസന്ധിയുണ്ടാവില്ലെന്നും മന്ത്രിസഭയെ അറിയിച്ചു.
സ്കൂളിൽ അധ്യാപക നിയമനം നടത്താത്തതിനെ തുടർന്ന് ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലസ് ടു വിജയ ശതമാനം ഇടിഞ്ഞതും ,സ്കൂളിന്റെ ദുരവസ്ഥയും കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നോട്ടീസ് അയച്ചിരുന്നു. ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസയച്ചത്. ഹയർ സെക്കൻഡറിയിൽ ഒന്നര വർഷത്തോളം പ്രിൻസിപ്പൽ തസ്തിക പോലും അനുവദിച്ചിരുന്നില്ല. പി.ടി.എയുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനൊടുവിൽ പ്രിൻസിപ്പൽ നിയമനം നടത്തിയെങ്കിലും ഈ തസ്തികയിലുള്ളയാൾ പിരിഞ്ഞുപോയതിനു ശേഷം ആറുമാസമായി പുതിയ നിയമനം നടത്തിയിട്ടില്ല. പ്രശ്നത്തിൽ മനുഷ്യാവകാശ കമീഷന്റെ ഇടപെടൽ വന്നതോടെയാണ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടികൾ ഊർജിതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.