ജൈവ പച്ചക്കറി കൃഷി; ആദിവാസി ഗ്രൂപ്പിനുള്ള പുരസ്കാരം ഇത്തവണയും ആറളം ഫാമിന്
text_fieldsപേരാവൂർ: ആറളം ഫാമിെൻറ മണ്ണിൽ ആദിവാസി കൃഷിക്കൂട്ടം കഠിനാധ്വാനത്തിലൂടെ നേടിയത് ഹാട്രിക് പുരസ്കാരം. സംസ്ഥാന കൃഷി വകുപ്പിെൻറ, ജൈവപച്ചക്കറി കൃഷിക്ക് ആദിവാസി ഗ്രൂപ്പിനുള്ള പുരസ്കാരം ഇത്തവണയും ആറളം ഫാം നേടി. മികച്ച ട്രൈബൽ പച്ചക്കറി ക്ലസ്റ്റർ വിഭാഗത്തിൽ ആറളം ഫാം മാതൃക ക്ലസ്റ്റർ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി. 2018, 19 വർഷങ്ങളിലും ആറളം ഫാമിനായിരുന്നു ഈയിനത്തിൽ പുരസ്കാരം.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണ് ആറളം ഫാം. 3500 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി സർക്കാർ പതിച്ചുനൽകി. വീട് നിർമിക്കാൻ പത്ത് സെൻറ് പുറമെയും. തരിശ്ശിട്ട ഭൂമിയാണ് ആദിവാസികൾക്ക് പതിച്ചുകിട്ടിയത്. ആറളം കൃഷിഭവനും ചാലോട് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഓഫിസും സംസ്ഥാന കൃഷി വകുപ്പും ആദിവാസികളുടെ കാർഷിക ഉന്നമനത്തിന് അതിവിപുലമായ പദ്ധതികൾക്ക് തുടക്കമിട്ടു. ആദിവാസി മേഖലയിലെ എല്ലാ ബ്ലോക്കുകളിലും കാർഷിക ഗ്രൂപ്പുകളും ക്ലസ്റ്ററുകളും നിലവിൽ വന്നതോടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം മണ്ണ് പൊന്നാക്കാനിറങ്ങി. തൂമ്പയും പിക്കാസും ഇതര കാർഷിക ഉപകരണങ്ങളും അടക്കം സർക്കാർ സഹായമായെത്തി. നബാർഡും കാർഷിക പ്രോത്സാഹന പദ്ധതികളുമായി ആദിവാസി മേഖലയിലെത്തി. ജൈവ പച്ചക്കറി ഉൽപാദനം, സംസ്കരണം, വിപണനം തുടങ്ങി ബ്രാൻഡഡ് ഉൽപന്ന നിർമിതികളിലേക്ക് കടന്നതോടെ ആറളം ഫാം കാർഷികമേഖല സംസ്ഥാന ശ്രദ്ധയിലെത്തി.
ഇത്തവണ മാതൃക ക്ലസ്റ്റർ 12 ഏക്കറിലാണ് വിജയം കൊയ്തത്. വാഴ, കരനെല്ല്, ചീര, വെണ്ട, പയർ, വഴുതിന, മഞ്ഞൾ, പാവൽ തുടങ്ങി വിവിധ കൃഷികൾ മാതൃക ഏറ്റെടുത്തു. 20 അംഗങ്ങളാണ് മാതൃകയിൽ. സി.കെ. രാമുമാണ് കൺവീനർ. ആറളം കൃഷി ഓഫിസർ കോകില, അസിസ്റ്റൻറ് സുമേഷ്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സോണിയ എന്നിവരുടെ മേൽനോട്ടവും നിർദേശങ്ങളും കൃഷി മുന്നേറ്റത്തിന് സഹായകമായി. കീടനാശിനിയായി ഹരിതകഷായം കൃഷിയിടത്തിൽ തയാറാക്കി തത്സമയം ഉപയോഗിക്കുന്ന രീതിയും സ്വീകരിച്ചു.
കാട്ടാന ആക്രമണം ചെറുക്കാൻ വൈദ്യുതി വേലി നിർമിച്ച് കൃഷിയിടം സുരക്ഷിതമാക്കി. കണിച്ചിറ ചന്ദ്രൻ, ശശി, ലീല, അയ്യ, അനിത, സുനിത, ശാന്ത, ചാമൻ തുടങ്ങിയവരടക്കം 20 പേരുടെ രാപ്പകൽ അധ്വാനത്തിലാണ് സംസ്ഥാന പുരസ്കാരം ആറളം ഫാമിലേക്ക് ഇത്തവണയും എത്തുന്നത്. വീണ്ടും അവാർഡിെൻറ കടന്നുവരവിൽ ഏറെ ആഹ്ലാദത്തിലാണ് മാതൃക പച്ചക്കറി ക്ലസ്റ്റർ പ്രവർത്തകർ. സുഭിക്ഷ കേരളം പദ്ധതിയിൽ വൈവിധ്യമാർന്ന കൃഷിയേറ്റെടുത്ത് വിജയലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇത്തവണ ആറളം ഫാം കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.