ഭൂരഹിത ആദിവാസികൾക്ക് ഭൂമി നൽകാൻ നടപടി
text_fieldsകേളകം: ആറളം ഫാമിൽ കുടിൽകെട്ടി താമസിക്കുന്ന ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകാൻ ക്രമീകരണമൊരുക്കുമെന്ന് അധികൃതർ അറിയിച്ചതായി ആദിവാസി ക്ഷേമസമിതി നേതാക്കൾ അറിയിച്ചു. ആദിവാസി ക്ഷേമസമിതി ജില്ല സെക്രട്ടറി കെ. മോഹനൻ, സംസ്ഥാന ജോ. സെക്രട്ടറി പി.കെ സുരേഷ്ബാബു എന്നിവർ ജില്ലാ വികസന സമിതി മുമ്പാകെ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
ഊരുകൂട്ടങ്ങൾ ചേർന്ന് ഭൂരഹിതരുടെ അപേക്ഷകൾ നേരത്തെ സ്വീകരിച്ചതാണ്. ലിസ്റ്റിൽ അനർഹരുണ്ടോയെന്ന് പരിശോധിക്കും. അപേക്ഷ നൽകാത്ത ഭൂരഹിത കുടുംബങ്ങളിൽനിന്ന് അപേക്ഷ സ്വീകരിക്കാനും സംവിധാനമൊരുക്കും.
ഫാമിൽ ഭൂമി നൽകിയതും ഉപയോഗിക്കാതെ ഭൂമി വേണ്ടെന്ന് അറിയിച്ച് തിരികെ നൽകിയതുമായ 714 ഏക്കർ സ്ഥലം പുതുതായി അർഹതപ്പെട്ടവർക്ക് പതിച്ച് നൽകാനാണ് ശ്രമം. ജൂലൈ രണ്ടിന് മന്ത്രി ഒ.ആർ. കേളുവിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഫാമിലെ ഭൂമി വിതരണം സംബന്ധിച്ച് രൂപരേഖ തയാറാക്കുമെന്ന് അധികൃതർ അറിയിച്ചതായി എ.കെ.എസ് നേതാക്കൾ പറഞ്ഞു.
ആറളം ഫാമിൽ കാലങ്ങളായി കുടിൽ കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആറളം ഫാമിൽ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.