അടക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി; ചീങ്കണ്ണിപ്പുഴയിൽ 120 കോടി ചെലവിൽ പദ്ധതി ഒരുങ്ങുന്നു
text_fieldsകേളകം: ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം അടക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി നിർമാണ ഘട്ടത്തിലേക്ക് അടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. ചീങ്കണ്ണിപുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
120 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതു സ്വകാര്യ സംയുക്ത സംരംഭമായാണ് നിർമിക്കുന്നത്. ചെന്നൈയിലെ ശ്രീ ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണ കരാർ എടുത്തത്. വനം വകുപ്പിന്റെ ക്ലീയറൻസ് ലഭിക്കാനുണ്ട്. വൈദ്യുതി ഉൽപാദന രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള എൽ.ഡി.എഫ് സർക്കാറിന്റ തീരുമാനപ്രകാരമാണ് ഏഴു വർഷത്തിന് ശേഷം പദ്ധതി സജീവ പരിഗണനയിലേക്ക് വരുന്നത്. സർക്കാർ നിർദേശ പ്രകാരം ഒക്ടോബർ 20ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് വനം വകുപ്പിന്റെ ക്ലീയറൻസ് ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിരുന്നു.
അതിന്റെ ഭാഗമായി കേളകം പഞ്ചായത്ത്, വനംവകുപ്പ്, ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സംയുക്ത പരിശോധന പദ്ധതി പ്രദേശമായ കരിയംകാപ്പിൽ നടന്നു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വികസനകാര്യ സമിതി ചെയർമാൻ തോമസ് പുളിക്കക്കണ്ടം, വാർഡ് മെംബർ ഷാന്റി സജി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സജിത്ത്, ശരവണ ഇൻഡസ്ട്രിസിന്റെ എൻജിനീയർമാരായ എം. കുമാർ, എൻ. വൈതിലിംഗം, എസ്. രാജേഷ്, എം. രാജശേഖർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പദ്ധതിയുടെ ഡീറ്റൈൽഡ് പ്രോജക്റ്റ് റിപ്പോർട്ട് 2016ൽ സർക്കാറിന് സമർപ്പിച്ചിരുന്നു. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററാണ് പദ്ധതിയുടെ നോഡൽ ഏജൻസി. പദ്ധതി പൂർത്തിയാക്കി പ്രവർത്തിപ്പിച്ച് 30 വർഷം കഴിയുമ്പോൾ സർക്കാറിന് കൈമാറുന്ന രീതിയിലാണ് കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.