മാവോവാദികൾക്കായി വീണ്ടും ആകാശനിരീക്ഷണം
text_fieldsകേളകം: വയനാട്ടിലെ പേരിയ - ചപ്പാത്ത് പൊലീസിനെ വെട്ടിച്ച് കടന്ന മാവോവാദികളെ കണ്ടെത്താൻ വീണ്ടും ആകാശനിരീക്ഷണം . ആറളം കൊട്ടിയൂർ വനമേഖലകളിലാണ് പൊലീസ് പ്രത്യേക സംഘം ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്. ആറളം, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിലും വയനാട് ജില്ലയിലെ തലപ്പുഴ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും വനമേഖലകളിലും മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളിലും ആറളം ഫാമിലും ഹെലികോപ്ടർ നിരീക്ഷണം നടത്തി.
കണ്ണൂർ, വയനാട് ജില്ല അതിർത്തി പ്രദേശങ്ങളിലും വനാതിർത്തി കോളനികളിലും മാവോവാദി സാന്നിധ്യം ശക്തമായതോടെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആകാശ നിരീക്ഷണം. വയനാട് പേരിയ ചപ്പാരത്തും ആറളം വനത്തിലും മാവോവാദികൾ തണ്ടര്ബോള്ട്ടുമായും വനപാലകരിലെ വാച്ചർമാരുമായും ഏറ്റുമുട്ടലുകളുണ്ടായിരുന്നു. തുടർന്ന് ചപ്പാരത്ത് രണ്ടുമാവോവാദികൾ പിടിക്കപ്പെടുകയും മൂന്നുപേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഹെലികോപ്ടർ, ഡ്രോൺ പരിശോധനകളും വാഹന പരിശോധനകളും ഊർജിതമാക്കാനാണ് തീരുമാനം. കഴിഞ്ഞദിവസം രാവിലെ മുതലാണ് കേളകം, കൊട്ടിയൂർ, ആറളം മേഖലകളിൽ ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്.
ജില്ല അതിർത്തി പ്രദേശങ്ങളിലും, പ്രധാന പാതകളിലും വാഹന പരിശോധനയും ഡ്രോൺ പരിശോധനകളും ദിവസങ്ങളായി നടന്നു വരുന്നുണ്ട്. സംസ്ഥാന സർക്കാർ വാടകക്ക് എടുത്ത ഹെലികോപ്ടറാണ് ഉപയോഗിക്കുന്നത്.
ഏതാനും ദിവസം കൂടി വനാതിർത്തി മേഖലകളിൽ പരിശോധന നടത്താനാണ് ഹെലികോപ്ടർ ഉപയോഗിക്കുക. പൊലീസ് നടപടി ശക്തമാക്കിയതോടെ വയനാട് പ്രദേശങ്ങളിൽ തമ്പടിച്ചിരുന്ന മാവോവാദികൾ ആറളം, കൊട്ടിയൂർ മേഖലകളിലേക്ക് കടക്കാൻ സാധ്യതയുളളതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയത്. മുമ്പ് മാവോവാദികൾ സന്ദർശിച്ച കോളനികളിലും തിരച്ചിൽ നടത്തി.
കനത്ത സുരക്ഷക്കിടയിലും മാവോവാദികൾ വാളത്തോടെത്തി
ഇരിട്ടി: വയനാട്ടിൽ നടന്ന വെടിവെപ്പിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ മാവോവാദി സാന്നിധ്യമുള്ള പൊലീസ് സ്റ്റേഷൻ പരിധികളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടും അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട്ടിലെ രണ്ട് വീടുകളിൽ മാവോവാദി സംഘം എത്തി. ഇവർ ഭക്ഷണസാധനങ്ങൾ ശേഖരിച്ച് തിരികെ കാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് സംഭവം. വാളത്തോട്ടിലെ കാട്ടുപറമ്പിൽ ഗോപാലൻ, കുറ്റ്യാനിയിൽ ജോസ് എന്നിവരുടെ വീടുകളിലാണ് നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന ആയുധധാരികളായ മാവോവാദി സംഘം എത്തിയത്. പാകം ചെയ്ത ഭക്ഷണവും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി അരമണിക്കൂറിനുള്ളിൽ തിരിച്ചുപോയി. ഈ വർഷംതന്നെ വാളത്തോടിൽ മാവോവാദികൾ എത്തുന്നത് മൂന്നാം തവണയാണ്. മുമ്പ് വന്ന വീടുകളിൽ തന്നെയാണ് കഴിഞ്ഞ ദിവസം ആറംഗ സംഘമെത്തി ഭക്ഷ്യവസ്തുക്കളുമായി മടങ്ങിയത്. സംഘം വീണ്ടും ഇറങ്ങിയ സംഭവം പൊലീസും വീട്ടുകാരും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
തണ്ടർബോൾട്ട് സംഘവും അത്യാധുനിക ബുള്ളറ്റ് പ്രൂഫ് വാഹനസംവിധാനങ്ങൾ അടങ്ങുന്ന സംഘവും കരിക്കോട്ടക്കരി സ്റ്റേഷൻ പരിധിയിൽ വാളത്തോടിന് തൊട്ടടുത്ത് എടപ്പുഴയിൽ ക്യാമ്പ് ചെയ്യുമ്പോഴാണ് മാവോവാദികൾ ഇറങ്ങി ഭക്ഷണസാധനങ്ങൾ ശേഖരിച്ച് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.