ആനക്കലിയിൽ വിറങ്ങലിച്ച് ആറളം; കൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്തു
text_fieldsകേളകം: കാട്ടാനകളുടെ ആക്രമണത്തിൽ ആറളത്ത് വിളനാശം കോടികളും കവിഞ്ഞു. കാർഷിക മേഖലയിൽ തമ്പടിച്ച കാട്ടാനകൾ ഓരോ ദിവസവും ആറളം ഫാമിനെ ചവിട്ടി മെതിക്കുകയാണ്. ആറളം പഞ്ചായത്തിലെ കൊക്കോട്, വട്ടപ്പറമ്പ് പ്രദേശങ്ങളെ ഫാമുമായി ബന്ധിപ്പിക്കുന്ന കൊക്കോട് തൂക്കുപാലം ആനക്കൂട്ടം തകർത്തു.
ഫാമിെൻറ മൂന്ന്, ആറ് ബ്ലോക്കുകളിലെ 60ഒാളം തൊഴിലാളികൾ ഉപയോഗിക്കുന്നതാണ് ഈ പാലം. നാട്ടുകാരും ഫാമിലെ തൊഴിലാളികളും ചേർന്നാണ് പാലം സംരക്ഷിച്ചിരുന്നത്. ആനകൾ പാലം തകർത്തതോടെ ഫാമിലേക്കുള്ള തൊഴിലാളികളുടെ യാത്രയും അനിശ്ചിതത്വത്തിലായി. പ്രദേശത്തെ നൂറുകണക്കിന് ക്ഷീര കർഷകർ ഫാമിൽ നിന്ന് തീറ്റപ്പുൽ ശേഖരിക്കാനായും ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു.
മൂന്നാം ബ്ലോക്കിൽ 40ഒാളം തെങ്ങുകളും ആനക്കൂട്ടം കുത്തി വീഴ്ത്തി. മൂന്ന്, നാല് ബ്ലോക്കുകളിലായി തമ്പടിച്ച കാട്ടാന മേഖലയിൽ നൂറിലധികം തെങ്ങുകളാണ് കുത്തിവീഴ്ത്തി നശിപ്പിച്ചത്. മൂന്നാം ബ്ലോക്കിലെ നാൽപതോളം തെങ്ങുകൾ ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു. ഫാമിെൻറ സെൻട്രൽ നഴ്‌സറിയിൽ എത്തിയ ആനക്കൂട്ടം വൈദ്യുതിവേലി, തെങ്ങ് പിഴുതിട്ട് നശിപ്പിച്ചിരുന്നു.
ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഫാമിനുണ്ടായത്. 15ഒാളം ആനകൾ ഫാമിനുള്ളിൽ തമ്പടിച്ചതായാണ് ഇവിടത്തെ തൊഴിലാളികൽ പറയുന്നത്. ഇവ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള മുൻകരുതലുകൾ മാത്രമാണ് ഇപ്പോൾ വനംവകുപ്പ് ചെയ്യുന്നത്. ഫാമിെൻറ പ്രധാന വരുമാനമാർഗമാണ് തെങ്ങുകൾ. ഒരു വർഷത്തിനിടയിൽ 5000ത്തോളം തെങ്ങുകളാണ് ആനക്കൂട്ടം ഫാമിൽ കുത്തിവീഴ്ത്തി നശിപ്പിച്ചത്.
പാലപ്പുഴയില്‍ കാട്ടാന ശല്യം
ഇരിട്ടി: പാലപ്പുഴ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാവുന്നു. ദിനംപ്രതിയെന്നോണം പ്രദേശത്ത് കാട്ടാനകളെത്തി കൃഷി നശിപ്പിക്കുകയാണ്. വനം വകുപ്പ് അധികൃതര്‍ കാട്ടാനകളെ തുരത്താനെത്തുന്നുണ്ടെങ്കിലും സന്ധ്യ മയങ്ങുന്നതോടെ കാട്ടാനകള്‍ വീണ്ടും ജനവാസകേന്ദ്രങ്ങളില്‍ തിരികെയെത്തും. ആറളം ഫാമിലും പാലപ്പുഴ ഉള്‍പ്പെടെയുള്ള സമീപ ജനവാസ കേന്ദ്രങ്ങളിലും കാട്ടാനക്കൂട്ടത്തിെൻറ താണ്ഡവം തുടരുകയാണ്.
കാക്കയങ്ങാട് പാലപ്പുഴ കൂടലാടില്‍ ചൊവ്വാഴ്ച രാത്രി പൂവാടന്‍ ബാബുവിെൻറ കൃഷിയിടത്തിലെ രണ്ട് തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ മൂന്ന് ഏക്കര്‍ കൃഷിയിടത്തിലെ 48 കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ലെന്ന് ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം പാലപ്പുഴ കളരി സംഘത്തിെൻറ ഉടമസ്ഥതയിലുള്ള കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
ആറളം ഫാമില്‍ തമ്പടിച്ചിട്ടുള്ള ആനകള്‍ പുഴയും മലയോര ഹൈവേയും കടന്നെത്തിയാണ് ജനവാസ കേന്ദ്രങ്ങളില്‍ നാശം വിതക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.