ആറളം ഫാമിലെ ആനകളെ തുരത്തൽ പുനരാരംഭിക്കും
text_fieldsകേളകം: ആറളം ഫാമിന്റെ കൃഷിയിടത്തിൽനിന്ന് കാട്ടാനകളെ തുരത്താനുള്ള നടപടി പത്ത് ദിവസത്തിനുശേഷം പുനരാരംഭിക്കും. ഇതിനകം ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ താൽകാലിക വൈദ്യുതി വേലി ഒരുക്കും. ആറളം ഫാം കൃഷിയിടം സംരക്ഷിക്കുന്നതിനായി വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഫാമിൽ ആരംഭിച്ച ആനതുരത്തൽ പുനരധിവാസ മേഖലയിലുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് താൽകാലികമായി നിർത്തിെവച്ചിരുന്നു.
ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പുമായി ചേർന്ന് മാർഗരേഖ ഉണ്ടാക്കുന്നതിന് ആറളം ഫാം ഓഫിസിൽ ചേർന്ന ജനപ്രതിനിധികൾ, വനംവകുപ്പ്, ആറളം ഫാം, ടി.ആർ.ഡി.എം, പൊലീസ്, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
നിലവിൽ ഒഴിവുള്ള ഏഴ് കിലോമീറ്റർ ദൂരത്തിൽ താൽക്കാലിക വൈദ്യുതി വേലി ഒരുക്കുന്നതിന് 10 ദിവസമാണ് സാവകാശം അനുവദിച്ചത്. 30 ദിവസം സാവകാശം വേണമെന്ന് വനം വകുപ്പിന്റെ ആവശ്യം യോഗം തള്ളിക്കളയുകയായിരുന്നു. തുടർന്നാണ് സബ് കലക്ടർ സന്ദീപ് കുമാർ പൊതുവികാരം കൂടി മാനിച്ച് 10 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനകം വൈദ്യുതി വേലി പൂർത്തീകരിക്കണം. ആറളം ഫാമിൽനിന്ന് തുരത്തുന്ന ആനകൾ പുനരധിവാസ മേഖലയിൽ തമ്പടിക്കാതിരിക്കുവാനുള്ള മുൻകരുതലുകൾ വനംവകുപ്പ് സ്വീകരിക്കണം.
വനത്തിനുള്ളിൽ കയറിയ ആനകൾ തിരിച്ച് പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലുകളും വനംവകുപ്പ് സ്വീകരിക്കണം.യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് 3, 4 തീയതികളിൽ ആനതുരത്തൽ പുനരാരംഭിക്കും.
ഇതിനു മുന്നോടിയായി മാർച്ച് ഒന്നിന് മേഖലയിൽ ജാഗ്രത നിർദേശം നൽകി മൈക്ക് അനൗൺസ്മെൻറ് നടത്തും. കാര്യങ്ങൾ തീരുമാനിച്ചത് പോലെ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യോഗത്തിൽ പങ്കെടുത്ത ജനകീയ പ്രതിനിധികളും ഫാം, വനം, ടി.ആർ.ഡി.എം, പൊലീസ് പ്രതിനിധികളും ഉൾപ്പെടുന്ന കമ്മിറ്റിയും രൂപവത്കരിച്ചു.
യോഗത്തിൽ സബ് കലക്ടർ സന്ദീപ് കുമാർ അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് അംഗം മിനി ദിനേശൻ, ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. പി. കെ. നിതീഷ് കുമാർ, ഫ്ലയിങ്സ്വകാ
ഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, കൊട്ടിയൂർ റേഞ്ചർ സുധീർ നേരത്ത്, അസിസ്റ്റൻറ് ലൈഫ് വാർഡൻ പി. പ്രസാദ്, ടി.ആർ.ഡി.എം സൈറ്റ് മാനേജർ സി. ഷൈജു, വിവിധ രാഷ്ട്രീയ പാർട്ടി ട്രേഡ് യൂനിയൻ നേതാക്കളായ കെ.കെ. ജനാർദനൻ, കെ.ടി. ജോസ്, ആൻറണി ജേക്കബ്, സുരേഷ്, കെ. മോഹനൻ, അജയൻ പായം, പി.കെ. കരുണാകരൻ, കോട്ടി കൃഷ്ണൻ, പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.