ആറളം ഫാം: അണുങ്ങോടിൽ 100 ഏക്കറിൽ പുതിയ കൃഷി തുടങ്ങി
text_fieldsകേളകം: ആറളം ഫാമിന്റെ കൃഷിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഊർജിത നടപടികളുമായി ഫാം മാനേജ്മെൻ്റ്. ജോലി ചെയ്താൽ ശമ്പളം ലഭിക്കുമോയെന്ന തൊഴിലാളികളുടെ ആശങ്കക്ക് ശുഭപ്രതീക്ഷ നൽകിയാണ് പുതിയ നീക്കങ്ങൾ.
പഴയ പ്രതാപ കാലഘട്ടത്തിൽ 1400 തൊഴിലാളികൾ ജോലിചെയ്തിരുന്ന ഫാം കൃത്യമായ ശമ്പളം നൽകുകയും ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽനിന്നാണ് ഇന്നത്തെ ശോച്യാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ഇതിൽനിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് ആറളംഫാം. പകുതിയോളം സ്ഥലം പുനരധിവാസ മേഖലക്ക് കൈമാറിയതോടെ ഇന്ന് ഏകദേശം 3500 ഏക്കർ കൃഷി സ്ഥലമാണ് ഫാമിന് സ്വന്തമായുള്ളത്.
400ഓളം തൊഴിലാളികളും ജോലിചെയ്തുവരുന്നു. വർഷങ്ങളായി വന്യമൃഗങ്ങളുടെ താവളമായിരുന്ന ഫാം സംരക്ഷിക്കാൻ ഫാം എം.ഡി സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തി ഫലം കണ്ടുതുടങ്ങുകയാണ്. പുതുതായി ചാർജെടുത്ത അഡിമിനിസ്ട്രേറ്റർ കെ.പി. നിധീഷ് കുമാറിന്റെ പ്രവർത്തനങ്ങൾ ഫാമിന്റെ പുനരുദ്ധാരണത്തിന് വേഗം കൂട്ടി.
വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ഫാമിന്റെ 3500 ഏക്കർ വരുന്ന സ്ഥലം സൗരോർജ വേലികൾ സ്ഥാപിച്ച് സുരക്ഷിതമാക്കുന്ന ജോലി ഏകദേശം പൂർത്തിയായി. 31 ലക്ഷം രൂപയുടെ സൗരോർജ വേലിയാണ് നിർമിക്കുന്നത്. 25 ലക്ഷം രൂപയുടെ നിർമാണം പൂർത്തിയായി. ആറളം ഫാമിൽ കൂടുതൽ തെങ്ങുകൾ കൃഷിചെയ്തിരുന്ന അണുങ്ങോട് മേഖല കാട്ടാനകളുടെ ആക്രമണത്തിൽ തരിശുഭൂമിയായി മാറിയിരുന്നു. ഇവിടം കാട് വെട്ടിത്തെളിച്ച് 100 ഏക്കർ സ്ഥലം വീണ്ടും കൃഷി യോഗ്യമാക്കി.
വന്യമൃഗങ്ങളുടെ ശല്യം തടയാൻ 100 ഏക്കർ സ്ഥലത്തും സൗരോർജ വേലി നിർമാണം പൂർത്തീകരിച്ചു. ഇവിടെ വീണ്ടും അത്യൽപാദന ശേഷിയുള്ള ആയിരത്തോളം തെങ്ങും കവുങ്ങും കൃഷി നടത്തും.
നേരിടുന്ന വെല്ലുവിളികൾ
നഷ്ടത്തിലായ ഫാം ഇന്ന് നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികൾ വന്യമൃഗ ശല്യവും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകലുമാണ്. ഫാമിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ പെറ്റുപെരുകിയതോടെ പ്രധാന വരുമാന മാർഗങ്ങളായ തെങ്ങ്, കവുങ്ങ്, കശുമാവ്, റബർ എന്നിവ ആന അടക്കമുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചു. ഇതോടെ വരുമാന മാർഗങ്ങൾ ഇല്ലാതായ ഫാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ പദ്ധതികൾ പലതും നഷ്ടത്തിലാകുകയും സംസ്ഥാന സർക്കാർകൂടി കൈവിടുകയും ചെയ്തതോടെ ശമ്പളവും അനുകൂല്യവും ലഭിക്കാതെ തൊഴിലാളികളും കഷ്ടത്തിലാണ്. കൃഷി നശിപ്പിച്ച കണക്കിൽ 40 കോടിയിലധികം രൂപ വനം വകുപ്പ് ഫാമിന് നൽകാനുണ്ട്. പുതുതായി അണുങ്ങോട് ആരംഭിച്ച 100 ഏക്കർ കൃഷി സ്ഥലത്തും കാട്ടുപന്നി ഉപദ്രവം കൂടുതലാണെന്നും അവയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ഫാം സെക്യൂരിറ്റി വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.