ആറളം ഫാം പുനരധിവാസം; ജീവനോപാധി ഉറപ്പാക്കാൻ ലേബർ ബാങ്ക്
text_fieldsകേളകം: ആറളം ഫാമിൽ ആദിവാസി പുനരധിവാസ കുടുംബങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തുന്നതിനായി ലേബർ ബാങ്ക് രൂപവത്കരിക്കുന്നു.
നിലവിൽ ആറളം ഫാമില്‍ നടപ്പാക്കുന്ന പങ്കാളിത്ത കൃഷി പദ്ധതിയിലൂടെ മുന്നൂറോളം പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താൻ കഴിയും. പദ്ധതി നടപ്പാക്കാൻ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തുന്നത് ലേബർ ബാങ്കിലൂടെയാണ്. ഓരോ തൊഴിലാളിയുടെയും നൈപുണ്യം മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ നൽകാനുള്ള സംവിധാനം ഒരുക്കും.
പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടുകൂടി ആദിവാസി പുനരുധിവാസ മിഷനിലൂടെ നിലവിൽ 343 പേർ ലേബർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ശേഷി മനസ്സിലാക്കി അനുയോജ്യമായ തൊഴിൽ നൽകും. അതോടൊപ്പം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ പരിശീലനവും നൽകും. പിന്നാക്കക്കാർക്ക് പരിഗണന നൽകിയായിരിക്കും തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുക.
ആറളം ഫാം മാനേജിങ് ഡയറക്ടർ ലേബർ ബാങ്കിന്റെ ചെയർമാനും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളുമായിരിക്കും. തൊഴിലാളികൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളോ അവകാശലംഘനമോ ഉണ്ടായാൽ ലേബർ ബാങ്കിലൂടെ പരിഹരിക്കും.
ഇരിട്ടി മഹാത്മാ ഗാന്ധി കോളജ് എൻ.എസ്.എസ് യൂനിറ്റ് സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവര ശേഖരണ ക്യാമ്പ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.