ആറളം ഫാം; കാട്ടാനകൾ റബർ പ്ലാന്റേഷനിൽ നാശം വിതക്കുന്നു
text_fieldsകേളകം: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും നാശം വിതച്ച കാട്ടാനകൾ ഫാമിന് മരണമണി മുഴക്കി റബർ പ്ലാന്റേഷനിൽ കൂടി നാശം വിതക്കുന്നു. ആനകൾ വിഹരിക്കുന്ന ആറളം ഫാമിലെ കാർഷിക ജോലികൾ മുടങ്ങിയിട്ട് മാസങ്ങളേറെയായി. ആറളം ഫാമിന്റെ ആറാം ബ്ലോക്കിലെ റബർ തോട്ടങ്ങളിൽ തമ്പടിച്ച കാട്ടാനകൾ ടാപ്പിങ് നടത്തുന്ന വലിയ റബർ മരങ്ങളുടെ തോലുകൾ കൊമ്പ് കൊണ്ട് കുത്തിയും, തുമ്പിക്കൈ കൊണ്ട് പിഴുതെടുത്തും വ്യാപകമായി നശിപ്പിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മഴക്കാല ഉൽപാദനത്തിന് ഫാമിലെ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്തിട്ടില്ല. ഇതേ തുടർന്ന് ജനസമ്പർക്കവും നിലച്ചതോടെ ഫാമിന്റെ അവശേഷിച്ച പ്രതീക്ഷയായ റബർ പ്ലാന്റേഷനും കാട്ടാനകൾ തകർക്കുമ്പോൾ ഇവയെ തുരത്താതെ നിസ്സംഗത പുലർത്തുകയാണ് വനം വകുപ്പ്.
കഴിഞ്ഞ ആറു വർഷത്തിനിടെ ആറളം ഫാമിലെ പതിനായിരത്തോളം കായ്ഫലമുള്ള തെങ്ങുകൾ കാട്ടാനകൾ നശിപ്പിച്ചതോടെ ഫാമിന്റെ സാമ്പത്തിക അടിത്തറ തകർന്നിരുന്നു. അവശേഷിച്ച പ്രതീക്ഷയായ റബർ, കശുമാവ് തോട്ടങ്ങളിലാണ് കാട്ടാനകൾ വിഹരിച്ച് നാശം വിതക്കുന്നത്. ഇവയെ തുരത്താനുള്ള നടപടികളും നിലച്ചിട്ട് മാസങ്ങളായി. കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലെടുക്കുന്നവർ ഭീതിയിലാണ്.
കാട്ടാനകൾ കൂട്ടമായാണ് ഫാമിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്നത്. മൂന്നും നാലും ആനകൾ അടങ്ങിയ പല സംഘങ്ങളാണ് കൃഷിയിടത്തിലുള്ളത്. നിലവിൽ എഴുപതിലേറെ കാട്ടാനകളാണ് ഫാമിൽ തമ്പടിച്ച് ആറളത്തെ ആന സങ്കേതമാക്കി കൈയടക്കിയത്. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്.
ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിലെ കാടുമൂടിയ പ്രദേശങ്ങളിലായിരുന്നു നേരത്തേ ഇവ താവളമാക്കിയിരുന്നത്. ഇത്തരം പ്രദേശങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ചതോടെയാണ് ആനകൾ ഫാമിലെ കാർഷികമേഖല താവളമാക്കിയത്. ഇവ ആക്രമണകാരികളാകാനുള്ള സാധ്യതയും ഏറെയാണ്. ഫാമിൽ കൃഷിയാവശ്യത്തിനായി നിർമിച്ച കുളങ്ങളിൽ വെള്ളത്തിന്റെ ലഭ്യതയുള്ളതിനാൽ ആനക്കൂട്ടം ഇതിന്റെ സമീപപ്രദേശങ്ങളിൽ സ്ഥിരമായി കാണപ്പെടുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി കാരണം ഫാമിലെ തൊഴിലാളികൾക്ക് എട്ട്മാസമായി ശമ്പളം നൽകിയിട്ടില്ല. ഇങ്ങനെ തുടർന്നാൽ ആറളം ഫാമിന്റെ നിലനിൽപ്പ് അവതാളത്തിലാവുമെന്നതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.