മാവോവാദി സംഘത്തിന്റെ വെടിവെപ്പ്; വനത്തിൽ പൊലീസിന്റെ തെളിവെടുപ്പ്
text_fieldsകേളകം: ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചി ഉൾവനത്തിൽ വനംവകുപ്പ് വാച്ചർമാർക്ക് നേരെ മാവോവാദികൾ വെടിയുതിർത്ത സംഭവത്തിൽ ചാവച്ചി വനത്തിൽ ആറളം പൊലീസ് തെളിവെടുപ്പ് നടത്തി. കേസ് അന്വേഷണ ചുമതലയുള്ള ഇരിട്ടി എ.എസ്.പി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെടിവെപ്പ് നടന്ന സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.
സംഭവത്തിൽ അഞ്ച് മാവോവാദികൾക്കെതിരെ യു.എ.പി.എ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അമ്പലപാറയിലെ ക്യാമ്പ് ഓഫിസിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുകയായിരുന്ന അടക്കാതോട് വാളമുക്ക് സ്വദേശികളായ എബിൻ, സിജോ, ബോബസ് എന്നിവർക്ക് നേരെയായിരുന്നു മാവോവാദി സംഘം വെടി വെച്ചത്. തണ്ടർബോൾട്ട് സേനയുടെ സന്നാഹത്തോടെയാണ് ഇരിട്ടി എ.എസ്.പി യും സംഘവും ആറളം വനത്തിലെ ചാവച്ചിയിലെത്തിയത്. വെടിവെപ്പിനെ തുടർന്ന് അതിർത്തി മേഖലയിൽ കർണാടക ആൻറി നക്സൽസേന തിരച്ചിൽ നടത്തിവരുകയാണ്.
ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനമേഖല മാവോവാദികളുടെ സഞ്ചാരപാതയാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മാവോവാദിസംഘം കർണാടക വനത്തിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക ആൻറി നക്സൽസേന കേരള-കർണാടക അതിർത്തി വനമേഖലയിൽ വ്യാപക പരിശോധന നടത്തിയത്. മുമ്പ് ആറളം വിയറ്റ്നാം ഭാഗത്ത് എത്തിയ 11 അംഗ മാവോവാദിസംഘത്തിൽ രണ്ട് വനിതകളുണ്ടായിരുന്നു. ആന്ധ്ര സ്വദേശികളായ ജിഷയും കവിതയുമായിരുന്നു ഇവർ. ഇതിലാരാണ് വെടിവെപ്പ് സംഘത്തിലുണ്ടായിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഇതിനിടെ സംസ്ഥാന വനം ചീഫ് കൺസർവേറ്ററുടെ നിർദേശത്തെത്തുടർന്ന് ആറളം വനത്തിലെ അമ്പലപ്പാറയിൽ വസ്തുതാന്വേഷണത്തിന് പോയ വനപാലകസംഘം ആറളത്ത് തിരിച്ചെത്തി. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസി. വാർഡൻ പി. പ്രസാദ്, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ പ്രദീപൻ കാരായി എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.