ആറളം പുനരധിവാസ മേഖലയിൽ ആർ.ആർ.ടി അംഗങ്ങളെക്കാൾ കൂടുതൽ ആനകൾ
text_fieldsവനാതിർത്തിയിൽ തകർന്ന തൂക്ക് വൈദ്യുതി വേലി
അറ്റകുറ്റപ്പണി നടത്തുന്ന റാപ്പിഡ് െറസ്പോൺസ് ടീം
കേളകം: ആനയെ തുരത്താൻ ആറളം ഫാമിലെത്തി ഒടുവിൽ തിരിച്ചുപോകാൻ കഴിയാതെ ഫാമിനുള്ളിൽ ആസ്ഥാന മന്ദിരം നിർമിച്ച് സ്ഥിരതാമസം ആക്കേണ്ടിവന്ന കഥയാണ് ആറളം ഫാമിലെ റാപിഡ് റസ്പോൺസ് ടീമിന് (ആർ.ആർ.ടി) പറയാനുള്ളത്.
രാവും പകലുമെന്ന് വിത്യാസമില്ലാതെ എത്തുന്ന ഫോൺ കോളുകൾക്ക് എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ആർ.ആർ.ടി പുനരധിവാസ മേഖലയിൽനിന്നും ഒരു ദിവസം എത്ര ആനകളെ തുരത്തുന്നുവെന്ന് ചോദിച്ചാൽ ഒരു പക്ഷെ അവർക്ക് പോലും കണക്കുകൾ ഉണ്ടാവില്ല.
പുനരധിവാസ മേഖലയിലെ താമസക്കാരുടെ കവലാൾ എന്നുവേണം ഇവരെ വിളിക്കാൻ. ജനങ്ങൾ ഉറങ്ങുമ്പോൾ ഇവർ ഉറങ്ങാതെ കാവലിരിക്കുന്നു. 60 ഓളം വരുന്ന ആനകളെ മെരുക്കാൻ ദ്രുത കർമസേനക്ക് 12 സ്ഥിരം സ്റ്റാഫുകളും ഒമ്പത് വാച്ചർമാരുമാണ് ഉള്ളത്.
കണ്ണൂർ ജില്ലയിൽ മുഴുവൻ ജോലി ചെയ്യണ്ട ആർ.ആർ.ടി അംഗങ്ങളാണ് ആറളം ഫാമിൽ മാത്രം ഒതുങ്ങിപ്പോയത്.
യന്ത്രവാളും തെങ്കാശി പടക്കവും
ഡെപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാറിന്റെ നേതൃത്വത്തിലാണ് ആർ.ആർ.ടി പ്രവർത്തിക്കുന്നത്. റാപിഡ് റെസ്പോൺസ് ടീമിന് പേര് കേൾക്കുമ്പോൾ അൽപം ഗൗരവം തോന്നിക്കുമെങ്കിലും ടീമിന്റെ പ്രധാന ആയുധങ്ങൾ യന്ത്ര വാളും തെങ്കാശി പടക്കങ്ങളുമാണ്. കൂടാതെ ആയുധങ്ങളായി പോയന്റ് 315 റൈഫിൾ അഞ്ചെണ്ണവും, വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കാൻ രാത്രിയും പകലും ഉപയോഗിക്കാവുന്ന തെർമൽ ഇമേജ് ഡ്രോൺ, പമ്പ് ആക്ഷൻ ഗൺ രണ്ടെണ്ണവും ഒരു വാഹനവുമാണ് ആർ.ആർ.ടിക്ക് സ്വന്തമായി ഉള്ളത്.
ഇപ്പോൾ പുതുതായി കടുവകളെ അടക്കം പിടികൂടാൻ കഴിയുന്ന രണ്ട് കൂടുകൾ കൂടി ആർ.ആർ.ടിക്ക് ലഭിച്ചിട്ടുണ്ട്. ശിവകാശി പടക്കത്തിന്റെ ശബ്ദം സുപരിചിതമായതോടെ അറക്കവാളിന്റെ ശബ്ദമുണ്ടാക്കി ഭീക്ഷണിപെടുത്തിയാണ് ആനകളെ ഓടിക്കുന്നത്. എങ്കിലും പലപ്പോഴും ആനകൾ ആർ.ആർ.ടിക്ക് നേരെ തിരിയുന്നതും സ്വഭാവികമാണ്. കൂകിയും ഉച്ചത്തിൽ കരഞ്ഞും വാഹനത്തിൽ അടിച്ചുമാണ് പലപ്പോഴും ആനകളെ പിന്തിരിപ്പിക്കുന്നത്.
ആശുപത്രി ആവശ്യം മുതൽ ജീവകാരുണ്യം വരെ
ആർ.ആർ.ടി അംഗങ്ങൾ വന്യമൃഗങ്ങളെ തുരത്തുന്നതിൽ മാത്രമല്ല ഫാമിലെ താമസക്കാരുടെ ആവശ്യങ്ങൾക്കായി അടിയന്തരമായി ഓടിയെത്തുന്നത് പതിവാണ്. രാത്രി വൈകി എത്തുന്നവരെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുക ഗർഭിണികളെയും രോഗികളെയും രാത്രിയിൽ സുരക്ഷിതമായി ആശുപത്രികളിൽ എത്തിക്കുക തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തികൾ ഉൾപ്പെടെ ഇവർ നടത്തിവരുന്നു. ഏഴുപേർ അടങ്ങുന്ന മൂന്ന് ബാച്ചുകളായി ആണ് ഇവരുടെ ഡ്യൂട്ടി.
മരം വീണ് വഴി തടസ്സപ്പെട്ടാൽ, ഫെൻസിങ് ആന തകർത്താൽ നേരെ ആക്കുന്നത് ഉൾപ്പെടെ ആർ.ആർ.ടി അംഗങ്ങളാണ്. പുനരധിവാസ മേഖലയിലെ എന്താവശ്യത്തിനും ആദ്യം ഓടിയെത്തുന്നതും അതുപോലെ തന്നെ ചീത്തവിളികളും കേൾക്കേണ്ടിവരുന്നതും ഇവർ തന്നെയാണ്.
ഫാമിനുള്ളിൽ തമ്പടിക്കുന്ന ഓരോ ആനകളെക്കുറിച്ചും അവയുടെ സ്വാഭവത്തെകുറിച്ചും കൃത്യമായ പഠനം നടത്തിയാണ് ഇവരുടെ പ്രവർത്തനം.
ആന ഇറങ്ങുന്ന വഴികൾ തമ്പടിക്കുന്ന പ്രദേശം തുടങ്ങി ആർ.ആർ.ടിക്ക് മന:പാഠമാണ്. ജീവൻ പണയം വെച്ചതും ആനകളെ തുരത്തുമ്പോൾ ഇവർക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നത് പുനരധിവാസ മേഖലയിലെ കാടുകളാണ്. കാടുകൾ വെട്ടിമാറ്റിയാൽ ആനകൾ വനത്തിലേക്ക് പിൻവലിയും എന്നാണ് ഇവർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.