കേളകത്തെ ജ്വല്ലറി കവർച്ചശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsകേളകം: കേളകത്തെ ജ്വല്ലറിയിലെ കവർച്ചശ്രമത്തിലും മണത്തണയിലെ മലഞ്ചരക്ക് കടയിലെ കവർച്ചയിലുമുൾപ്പെട്ട രണ്ടുപേരെ കേളകം പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ചാലിയം സ്വദേശി ചെറുപുരക്കൽ അബ്ദുൽ ഗഫൂർ (50), ബാലുശ്ശേരി മണ്ണൂർ സ്വദേശി വളപ്പിൽ ശബരീഷ് (25) എന്നിവരെയാണ് കേളകം സി.ഐ പി.വി. രാജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
കണ്ണൂർ ബസ്സ്റ്റാൻഡിൽവെച്ച് ബുധനാഴ്ച രാത്രിയാണ് ഇവരെ അനേഷണ സംഘം പിടികൂടിയത്. ബസ് കയറാനായി നിൽക്കുകയായിരുന്നു പ്രതികൾ. സംഭവത്തിലുൾപ്പെട്ട എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിൽ ഒരാൾ മലയോര മേഖലയിലുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. കവർച്ച സംഘത്തിലുൾപ്പെട്ട എല്ലാവരും ജയിലിൽ വെച്ച് പരിചയപ്പെട്ടവരാണ്.
അബ്ദുൽ ഗഫൂർ കൊലപാതക കേസിലടക്കം പ്രതിയാണ്. മറ്റെല്ലാവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. പ്രതികൾ കവർച്ചക്കെത്തിയ വാഹനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നവംബർ 30ന് പുലർച്ചയോടെയായിരുന്നു കവർച്ച ശ്രമം.സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് സംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. കവർച്ച നടത്താനെത്തിയ ജ്വല്ലറിയുടെ കുറച്ചകലെയായി വാഹനം കുഴിയിൽ ചാടിയതായി മനസ്സിലായിരുന്നു.
വാഹനത്തിെൻറ പെയിൻറും ടയർ പാടുകളും ഫോറൻസിക് സംഘത്തിന് ലഭിച്ചു. ഇതിൽനിന്ന് കറുപ്പ് ഇന്നോവ കാറാണ് കവർച്ചസംഘം സഞ്ചരിക്കാൻ ഉപയോഗിച്ചതെന്ന് കണ്ടെത്തി.സമീപ പട്ടണങ്ങളിലെ സി.സി.ടി.വികൾ പരിശോധിച്ചതിൽനിന്ന് വാഹനത്തിെൻറ നമ്പർ കണ്ടെത്താനും പൊലീസിനു കഴിഞ്ഞു. തുടർന്ന് ജില്ലക്ക് അകത്തും പുറത്തുമുള്ള ഇത്തരം കാറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തി. ഇവരിൽനിന്ന് വാഹനം വാടകക്കെടുത്താണ് പ്രതികൾ കവർച്ചക്കായി ഉപയോഗിച്ചത്. വാഹന ഉടമയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായി തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലാകുന്നത്. തെളിവെടുപ്പിനുശേഷം പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.