ആറളം വന്യജീവി സങ്കേതത്തിൽ 'കഷണ്ടിത്തലയൻ കൊക്ക്'
text_fieldsകേളകം: ആറളം വൈൽഡ്‌ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നടത്തി വന്ന ത്രിദിന പക്ഷി സർവേ സമാപിച്ചു. ആറളത്തെ തുടർച്ചയായി നടക്കുന്ന 21 മത് സർവേയാണ് സമാപിച്ചത്. വന്യജീവി സങ്കേതത്തിൽ മുമ്പ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷി അടക്കം 176 പക്ഷിജാതികളെ മൂന്നു ദിവസങ്ങളിലായി നടന്ന സർവേയിൽ കണ്ടെത്തി. 'കഷണ്ടിത്തലയൻ കൊക്ക്' ആണ് പുതുതായി കണ്ടെത്തിയത്. ഇതോടെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ മൊത്തം പക്ഷികളുടെ എണ്ണം 240 ആയെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിലെ പത്ത് സ്ഥലങ്ങളിൽ പത്തു ഗ്രൂപ്പായി പക്ഷി നിരീക്ഷകരെ വിന്യസിച്ച് ഒരേ സമയത്താണ് സർവേ നടത്തിയത്. ആറളം അസി. വൈഫ് വാർഡൻ എൻ. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അവലോകന യോഗത്തിൽ നിരീക്ഷക സംഘങ്ങൾ റിപ്പോർട്ട് നൽകി.
വയനാട് വെറ്ററിനറി കോളജ് ലെക്ചറർ ഡോ. റോഷ്നാഥ് രമേഷിന്റെ നേതൃത്വത്തിൽ സർവേ ഡേറ്റാ വിവരങ്ങൾ ഏകോപിപ്പിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (വൈൽഡ് ലൈഫ്) കെ.വി. ഉത്തമൻ ഉദ്ഘാടനം ചെയ്തു.
ആറളം അസി. സെൽഫ് വാർഡൻ എൻ. അനിൽകുമാർ സ്വാഗതവും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രദീപൻ കാരായി നന്ദിയും രേഖപ്പെടുത്തി.സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനു കായലോടൻ, പക്ഷി നിരീക്ഷകരായ സി. ശശികുമാർ, ഡോ. റോഷ്നാഥ് രമേഷ്, സത്യൻ മേപ്പയൂർ സംസാരിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി 55 ഓളം പക്ഷി നിരീക്ഷകർ സർവേയിൽ പങ്കെടുത്തു.
ഇന്ത്യയിൽ തന്നെ ആറളം വന്യജീവി സങ്കേതത്തിൽ മാത്രമാണ് തുടർച്ചയായി പക്ഷി സമ്പത്തിനെപ്പറ്റി ഇത്തരത്തിൽ ശാസ്ത്രീയ നിരീക്ഷണം നടത്തുന്നത്. സങ്കേതത്തിലെ സ്റ്റാഫും വാച്ചർമാരും പക്ഷി നിരീക്ഷകർക്കു വേണ്ട പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.