ബഫർ സോൺ: വനാതിർത്തി ഗ്രാമങ്ങളിൽ ആശങ്ക
text_fieldsകേളകം: കേരളത്തിലെ രണ്ടാമത്തെ വന്യജീവി സങ്കേതത്തിെൻറ ബഫർ സോൺ അന്തിമപ്രഖ്യാപനം വന്നതോടെ ആശങ്കയിലായി ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തിെൻറ അതിർത്തിയിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ.
സൈലൻറ് വാലി ദേശീയ പാർക്കിന് ചുറ്റും വരുന്ന ബഫർ സോൺ (ഇ.എസ്.സെഡ്) നാട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് അന്തിമമാക്കിയത്. 90 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള സൈലൻറ് വാലി പാർക്കിന് ചുറ്റും 148 സ്ക്വയർ കിലോമീറ്റർ വിസ്തീർണത്തിലാണ് ബഫർ സോൺ കരട് നോട്ടിഫിക്കേഷൻ ആദ്യഘട്ടത്തിൽ ഇറങ്ങിയത്. ഇതിൽ നൂറുകണക്കിനാളുകളുടെ കൃഷിസ്ഥലങ്ങളും വീടുകളും ഉൾപ്പെടുന്നുണ്ട് എന്ന പരാതി ഉയരുകയും അതിനെതിരെ ആയിരക്കണക്കിന് കത്തുകൾ സർക്കാറിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിൽ നടപടി ഉണ്ടാവാതിരുന്നതുകൊണ്ട് 2021 ഫെബ്രുവരി 23ന് ആയിരക്കണക്കിന് കർഷകർ പ്രതിഷേധ മാർച്ചും നടത്തി. എന്നാൽ, തദ്ദേശീയ ജനങ്ങൾക്ക് ഒരു പരാതിയുമില്ല എന്ന റിപ്പോർട്ടാണ് ഡി.എഫ്.ഒ കേന്ദ്രത്തിന് നൽകിയത്. തുടർന്നാണ് കേന്ദ്ര നടപടി.
ഇതോടെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ഏരിയയുടെ കാര്യത്തിലും ജനഹിതത്തിന് എതിരായി തീരുമാനമുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ആറളം വന്യജീവി സങ്കേതത്തിെൻറ 0 മുതൽ 100 മീറ്റർ വീതിയിൽ 10.16 സ്ക്വയർ കിലോമീറ്റർ, കൊട്ടിയൂർ വന്യജീവി സങ്കേതത്തിെൻറ 0 മുതൽ മൂന്ന് കിലോമീറ്റർ വരെ 12.91 സ്ക്വയർ കിലോമീറ്റർ ഏരിയയിൽ ജനവാസ മേഖല ഉൾപ്പെടെ ബഫർ സോണായി പ്രഖ്യപിക്കാനായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിെൻറ നീക്കം. ഇതോടെ ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമായി. കേന്ദ്ര, കേരള സർക്കാറുകൾക്ക് നാട്ടുകാർ നിവേദനങ്ങളും പരാതികളും നൽകി.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും വനം വകുപ്പിെൻറയും സംയുക്ത യോഗം ചേർന്ന്, ബഫർ സോൺ ദൂരപരിധി പൂജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ത്രിതല പഞ്ചായത്തുകൾ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം കണക്കാക്കി കേരള സർക്കാർ നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. ഇതിനുമുമ്പ് ഇടുക്കിയിലെ ഷോളയാർ വന്യജീവി സങ്കേതത്തിെൻറ അതിർത്തിയാണ് ബഫർ സോൺ അന്തിമ പ്രഖ്യാപനം നടത്തിയത്.
ഇതിനെതിരെ 'കിഫ' ഉൾപ്പെടെയുള്ള കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജനഹിതം വകവെക്കാതെയുള്ള ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ നിയമ പോരാട്ടം നടത്തുമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.