ആറളത്ത് ചിത്രശലഭങ്ങൾ വർധിക്കുന്നു
text_fieldsകേളകം: മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവി സങ്കേതത്തിൽ നടത്തിയ 22ാമത് ത്രിദിന ചിത്രശലഭ ദേശാടന നിരീക്ഷണ സർവേ സമാപിച്ചു. പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, കരിയംകാപ്പ്, കുരുക്കത്തോട്, പൊത്തൻ പ്ലാവ്, ഭൂതംകല്ല്, അമ്പലപ്പാറ, പരിപ്പുതോട് കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ കൊട്ടിയൂർ, സൂര്യമുടി എന്നീ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ.
അമ്പതോളം ചിത്രശലഭ നിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ, അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ പ്രദീപൻ കാരായി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനു കായലോടൻ, കൺസർവേഷൻ ബയോളജിസ്റ്റ് യദുമോൻ എം.എ, ചിത്രശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി. സർവേയിൽ വെള്ളിവരനീലി (White-tipped Lineblue) ശലഭത്തെ ഈ വർഷം ആദ്യമായി കണ്ടെത്തിയത്തോടുകൂടി ആറളത്തെ ആകെ ചിത്രശലഭങ്ങളുടെ എണ്ണം 263 ആയി.
ആറളത്തെ ശലഭനിരീക്ഷകനായ ബിജു തേൻകുടിയാണ് വെള്ളിവരനീലിയുടെ ചിത്രം പകർത്തിയത്. ചീങ്കണ്ണിപ്പുഴയോരത്തും ഉരുട്ടിപ്പുഴയോരത്തുമുള്ള മണൽത്തിട്ടകളിൽ ശലഭങ്ങളുടെ കൂട്ടം ചേരൽ നിരീക്ഷിച്ചിട്ടുണ്ട്. ഈ മണൽത്തിട്ടകളിൽ ശലഭങ്ങൾക്ക് ആവശ്യമായ അപൂർവ ധാതുലവണങ്ങളുടെ ശേഖരങ്ങളാണ്.
156 ഇനം ചിത്രശലഭങ്ങളെയാണ് സർവേയിൽ കണ്ടെത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനത്തിൽ വലിയ കുറവുണ്ടായി. വെള്ളപ്പൊക്കത്തെ തുടർന്ന് പുഴയോരത്തെ മൺതിട്ടകളുടെ നാശവും കാലം തെറ്റിയ മഴയും പുഴയോരത്തെ കൂട്ടം ചേരലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചിത്രശലഭ നിരീക്ഷകനായ ബാലകൃഷ്ണൻ വളപ്പിലിെൻറ നേതൃത്വത്തിൽ നിശാശലഭങ്ങളുടെ കണക്കെടുപ്പും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.