ആറളം ഫാമിൽ കാട്ടാന ചെരിയുന്നത് തുടർക്കഥ
text_fieldsകേളകം: ആറളം ഫാമിൽ കാട്ടാന ചെരിയുന്നത് തുടർക്കഥയാവുന്നു. ഒരാഴ്ചക്കിടയിൽ രണ്ടാമത്തെ ആനയെയാണ് ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ആറളം ഫാം പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കിലെ കല്യാണിയുടെ പറമ്പിൽ വീട്ടുമുറ്റത്തോട് ചേർന്നാണ് ഏഴു വയസ്സോളമുള്ള കൊമ്പനാന ചെരിഞ്ഞത്.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വീടിന് പുറത്തിറങ്ങിയ കല്യാണിയുടെ മകന്റെ ഭാര്യ ഷൈലയാണ് ആനയുടെ ജഡം കണ്ടത്. വീട്ടുമുറ്റത്തിന് ചേർന്നുനിന്നിരുന്ന രണ്ട് പപ്പായ മരങ്ങൾ ഒടിച്ചിട്ടിട്ടുണ്ട്. സമീപത്തുതന്നെയുള്ള മറ്റൊരു പറമ്പിലെ കായ്ഫലമുള്ള തെങ്ങും കുത്തിമറിച്ചിട്ട നിലയിലാണ്. ചെരിഞ്ഞ ആനയുടെ കൂടെ മറ്റു രണ്ടു ആനകൾ കൂടി ഉണ്ടായിരുന്നതായും ഇവ തൊട്ടടുത്ത കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്നും സമീപവാസികൾ പറഞ്ഞു.
ആന ചെരിഞ്ഞുകിടക്കുന്ന പറമ്പിലൂടെ ഗാർഹികാവശ്യങ്ങൾക്കുള്ള വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ട്. ഷോക്കേറ്റാണ് ആന ചെരിഞ്ഞതെന്ന് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത് പറഞ്ഞു. എവിടെ നിന്നാണ് ഷോക്കേറ്റതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. വനം വകുപ്പ് അധികൃതരും ആറളം പൊലീസും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആറളം ഫാം മൂന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ ഏഴു വയസ്സോളമുള്ള കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. രണ്ടുവർഷത്തിനിടയിൽ ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്ന നാലാമത്തെ കാട്ടാനയാണിത്. ഫാമിൽ നാൽപതോളം കാട്ടാനകൾ വിഹരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.