ഡെങ്കി: കേളകത്ത് ജാഗ്രത നിർദേശം
text_fieldsകേളകം: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിവിധ സംഘടന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, മെംബർമാരായ ബിജു പൊരമത്തറ, ടോമി പുളിക്കക്കണ്ടം, സജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ മാത്തുക്കുട്ടി, പി.എം. രമണൻ എന്നിവർ സംസാരിച്ചു.
ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേളകം ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. ജലം സംഭരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുകുവലയോ തുണിയോ ഉപയോഗിച്ച് മൂടി സൂക്ഷിക്കേണ്ടതാണന്നും മഴ പെയ്താൽ മുറ്റത്തോ പരിസരത്തോ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ടയർ, ചിരട്ട, കുപ്പി, പ്ലാസ്റ്റിക് ഷീറ്റുകൾ, പാത്രങ്ങൾ, കൊക്കോതോടുകൾ മുതലായവ ഉടൻ നീക്കം ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
റബർ ടാപ്പിങ് നിർത്തിയ തോട്ടങ്ങളിലെ ചിരട്ടകൾ മഴക്ക് മുമ്പായി മാറ്റി സൂക്ഷിക്കണം. പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ഹരിതകർമസേനയെ ഏൽപ്പിക്കണം. മാലിന്യം വലിച്ചെറിയുകയോ പ്ലാസ്റ്റിക് കത്തിക്കുകയോ ചെയ്യുന്നവരുടെ ഫോട്ടോയെടുത്ത് നൽകുന്നവർക്ക് പാരിതോഷികം നൽകും.
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പഞ്ചായത്തീരാജ് നിയമങ്ങൾ, കേരള പൊതുജനാരോഗ്യനിയമങ്ങൾ എന്നിവ അനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.