ഒടുവിൽ ഡീസൽ ഫ്രാൻസിസിനെ 'തിരിച്ചറിഞ്ഞു'
text_fieldsകേളകം: ഡീസൽ മണമുള്ള ജീവിതത്തിൽ നിന്ന് മോചനം തേടിയുള്ള യാത്രയിൽ ഫ്രാൻസിസിന് പിടിവള്ളിയായി ഒടുവിൽ തിരിച്ചറിയൽ കാർഡ് കിട്ടി.
റേഷൻ കാർഡും തിരിച്ചറിയൽ കാർഡും ആധാർ കാർഡുമൊന്നുമില്ലാതെ മൂന്ന്സെൻറ് ഭൂമിയിലെ ഒറ്റമുറി വീട്ടിൽ ഒറ്റയാനായി കഴിയുന്ന കേളകം പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഫ്രാൻസിസ് വണ്ടനാനിയിൽ എന്ന ഡീസൽ ഫ്രാൻസിസിെൻറ ദുരിതകഥ കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്തയാക്കിയിരുന്നു.
രേഖകളൊന്നും ഇല്ലാത്തതിനാൽ സർക്കാറിെൻറ ക്ഷേമപദ്ധതികളിലൊന്നിലും ഫ്രാൻസിസിെൻറ പേരുണ്ടായിരുന്നില്ല.
തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ റേഷൻ കാർഡും കിട്ടിയില്ല. അതിനാൽ മണ്ണെണ്ണ വാങ്ങി വിളക്കുകത്തിക്കാൻ പോലുമായില്ല. വൈദ്യുതി ലഭിക്കാതെ ഡീസൽ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് ജീവിക്കുന്നതുകൊണ്ടാണ് ഫ്രാൻസിസിനെ നാട്ടുകാർ ഡീസൽ ഫ്രാൻസിസ് എന്നുവിളിക്കുന്നത്.
ഫ്രാൻസിസിെൻറ തിരിച്ചറിയൽ രേഖ ഇരിട്ടി താലൂക്ക് തഹസിൽദാർ കെ. ദിവാകരൻ കൈമാറി. വാർഡ് മെംബർ ജോയി വേളുപുഴയുടെ സഹായത്തോടെ മുമ്പ് ഫ്രാൻസിസിന് തിരിച്ചറിയൽ രേഖക്കായി നടത്തിയ ശ്രമമാണ് ഫലം കണ്ടത്.
മാസങ്ങൾക്കുമുമ്പ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ തിരിച്ചറിയൽ കാർഡ് കോവിഡ് സാഹചര്യത്തിൽ താലൂക്ക് ഫയലിൽ ബാക്കിയായി.
അപേക്ഷകൻ അന്വേഷിക്കാതിരുന്നതാണ് കാർഡ് കൈമാറാൻ വൈകിയതെന്നും ഫ്രാൻസിസിെൻറ തുടർന്നുള്ള ആവശ്യങ്ങളിൽ സാധ്യമായ സഹായങ്ങൾ ഉണ്ടാകുമെന്നും തഹസിൽദാർ 'മാധ്യമ'ത്തോട് പറഞ്ഞു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇരിട്ടി താലൂക്ക് സെപ്ലെ ഓഫിസറും ഫ്രാൻസിസിന് റേഷൻ കാർഡ് ലഭ്യമാക്കാൻ സന്നദ്ധത അറിയിച്ചു.
തിരിച്ചറിയൽ രേഖ കിട്ടിയതിനാൽ ആധാർ കാർഡ് കൂടി തയാറാക്കി വില്ലേജ് ഓഫിസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും ഉൾപ്പെടുത്തി അപേക്ഷിച്ചാൽ റേഷൻ കാർഡ് ഉടൻ നൽകാൻ കഴിയുമെന്ന് താലൂക്ക് സെപ്ലെ ഓഫിസർ ജോസഫ് ജോർജ് പറഞ്ഞു.
വയനാട്ടിലെ കേണിച്ചിറ വാളവയലിൽ നിന്ന് 32 വർഷംമുമ്പ് കേളകത്ത് കൂലിപ്പണിക്കായി എത്തിയതാണ് ഫ്രാൻസിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.