ആറളം ഫാമിൽ ജില്ലയിലെ ആദ്യ ഇഞ്ചി ഉദ്യാനമൊരുങ്ങുന്നു
text_fieldsകേളകം: മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സഹായത്തോടുകൂടി ആറളം ഫാമിൽ ഇഞ്ചി ഉദ്യാനം ഒരുക്കുന്നു. മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം മേധാവിയും മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എമെർറ്റസ് പ്രഫസറുമായ ഡോ. എം. സാബുവിന്റെ നേതൃത്വത്തിലാണ് ആറളം ഫാമിൽ ഉദ്യാനമാരംഭിക്കുന്നത്.
മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ഡയറക്ടർ ഇൻചാർജ് ഡോ. എൻ.എസ്. പ്രതീപ്, ആറളം ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിതീഷ് കുമാറിന് തൈകൾ കൈമാറി പദ്ധതിക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ സയന്റിസ്റ്റ് ഡോ. രഘുപതി പങ്കെടുത്തു. ആറളം ഫാം മാനേജിങ് ഡയറക്ടർ കാർത്തിക് പാണിഗ്രഹിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 105 ഇനത്തിൽപ്പെട്ട ഇഞ്ചി വർഗങ്ങളാണ് ഫാമിലെ ഉദ്യാനത്തിൽ ഒരുക്കുന്നത്.
ഇതിനുവേണ്ട എല്ലാ സാങ്കേതിക സഹായങ്ങളും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും മലബാർ ബൊട്ടാണിക്കൽ ഗാർഡനും നൽകുന്നതായിരിക്കും. ആറളം ഫാമിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
മലേഷ്യ, തായ്ലൻഡ്, ചൈന, സൗത്ത് അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇഞ്ചി ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജില്ലയിലെ ആദ്യ ഇഞ്ചി ഉദ്യാനമാണ് ആറളം ഫാമിൽ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.