ആറളം ഫാമിൽ കാട്ടാന തുരത്തൽ യജ്ഞം തുടങ്ങി
text_fieldsകേളകം: ആറളം ഫാമിലെ കൃഷിയിടം താവളമാക്കിയ കാട്ടാനക്കൂട്ടത്തിലെ 20 എണ്ണത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റിവിട്ടു. 40ലധികം ആനകൾ ഫാമിനുള്ളിൽ ഉണ്ടെന്നാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച ഫാമിനുള്ളിൽ കാട്ടാനയുടെ കുത്തേറ്റ് ചെത്തുതൊഴിലാളി മരിച്ചിരുന്നു. തൊഴിലാളിയായ റിജേഷിന്റെ മരണത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ ഡി.എഫ്.ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ മണിക്കൂറുകളോളമാണ് തടഞ്ഞുവെച്ചത്. ഫാമിനുള്ളിൽനിന്നും ജനവാസ മേഖലയിൽനിന്നും കാട്ടനകളെ വനത്തിലേക്ക് ഉടൻ തുരത്താമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച രാവിലെ തുരത്തൽ ആരംഭിച്ചത്. ദൗത്യം തുടരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
സംരക്ഷിത വനമേഖലയിൽനിന്ന് 15 കിലോമീറ്റർ പിന്നിട്ടെത്തിയ ആനക്കൂട്ടത്തെ വളരെ സാഹസികമായാണ് വനത്തിലേക്ക് തുരത്തിയത്. ഒന്ന്, രണ്ട് ബ്ലോക്കുകളിലായിരുന്നു 20ഓളം വരുന്ന ആനക്കൂട്ടം. ഒന്നാം ബ്ലോക്കിലെ തെങ്ങിൻതോപ്പിൽനിന്നാണ് തിങ്കളാഴ്ച കൂട്ടംതെറ്റി നിന്ന മോഴയാന റിജേഷിനെ ചവിട്ടിക്കൊന്നത്. ചെത്തുതൊഴിലാളികളാണ് ആനക്കൂട്ടത്തിന്റെ സഞ്ചാരപാത വനപാലക സംഘത്തിന് കൈമാറിയത്.
ഒന്ന്, രണ്ട് ബ്ലോക്കുകളിൽനിന്നും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തുകൂടി കീഴ്പ്പള്ളി -പാലപ്പുഴ റോഡ് കടത്തി ഫാം സ്കൂളിന് സമീപത്തുകൂടി വനമേഖലയോട് ചേർന്ന കോട്ടപ്പാറ വരെ എത്തിച്ചു. ഇതിൽ 11 എണ്ണത്തോളം വരുന്ന ഒരുസംഘം ആനകൾ തിരിഞ്ഞോടി ആറാം ബ്ലോക്കിൽ നിന്നും നാലാം ബ്ലോക്കിലേക്ക് കടന്നു. അവശേഷിക്കുന്ന 10 എണ്ണത്തെ കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിടുകയായിരുന്നു. വനത്തിൽ നിന്നും വർഷങ്ങളായി ഇതുവഴിയായിരുന്നു ആനക്കൂട്ടം ഫാമിലേക്ക് പ്രവേശിച്ചിരുന്നത്. തിരിഞ്ഞോടിയ 11 എണ്ണത്തെകൂടി അഞ്ചരയോടെ വനത്തിലേക്ക് തുരത്തി.
കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്തിന്റെ നേതൃത്വത്തിൽ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റർ പ്രകാശൻ, ഇരിട്ടി ഫോറസ്റ്റർ ജിജിൽ, റാപ്പിഡ് റെസ്പോൺസ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽനിന്നുള്ള ജീവനക്കാരും ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 40ഓളം പേർ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ആനയെ തുരത്തിയത്. ഫാമിനുള്ളിൽ അവശേഷിക്കുന്ന ആനകളെ അടുത്ത ദിവസങ്ങളിലും വനത്തിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.