പരിസ്ഥിതി ലോല മേഖല: സമരകാഹളം മുഴക്കി മലയോര കർഷകർ
text_fieldsകേളകം: വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ മലയോര കർഷകർ സമരകാഹളം മുഴക്കി. കേളകത്ത് നടന്ന സമര പ്രഖ്യാപന ആലോചന യോഗത്തിലാണ് സന്ധിയില്ലാത്ത സമരം നടത്താൻ തീരുമാനമായത്. സുപ്രീംകോടതി വിധിയെ മറികടക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. വിധി മലയോര കർഷകരുടെ കുടിയിറക്കിന് വഴിവെക്കുന്നതാണ്. വീടുവെക്കാൻ പോലും അനുമതിക്കായി വനം വകുപ്പിന്റെ ഓഫിസ് കയറിയിറങ്ങേണ്ടിവരുന്ന പ്രദേശവാസികളുടെ ഭാവി ഇരുളടയും. നിലവിലുള്ള നിർമാണങ്ങളെക്കുറിച്ച് മൂന്നുമാസത്തിനകം പഠനം നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു.
അതിനുശേഷം ഈ നിർമാണങ്ങൾ എന്തുചെയ്യണമെന്ന് സുപ്രീംകോടതി തീരുമാനമെടുക്കും. പുതിയൊരു നിർമാണവും ഈ മേഖലയിൽ പാടില്ല. നിലവിൽ സർക്കാറിന് മാത്രമേ ഈ വിധി മറികടക്കാൻ പറ്റൂ. ദേശീയപാതയോരത്തെ ബാർ കോടതി നിരോധിച്ചപ്പോൾ അടിയന്തര മന്ത്രിസഭ കൂടി ദേശീയ റോഡുകൾ ജില്ല റോഡുകളാക്കി പ്രശ്ന പരിഹാരം കണ്ട സർക്കാർ കർഷകരുടെ പ്രശ്നത്തിനും സമാനമായ മാർഗത്തിലൂടെ വിധിയെ മറികടക്കാനുള്ള ആർജവം കാണിക്കണമെന്നും അലക്സ് ഒഴുകയിൽ അവശ്യപ്പെട്ടു.
വീടുകയറി പ്രശ്നത്തിന്റെ ഗൗരവം ആളുകൾക്ക് ബോധ്യപ്പെടുത്തുന്നതിനും തുടർ പ്രക്ഷോഭ പരിപാടികൾ നടത്തുന്നതിനുമായി 20 അംഗ കമ്മിറ്റി രൂപവത്കരിച്ചു. വിവിധ മത , രാഷ്ട്രീയ, കർഷക സംഘടനകളെ ചേർത്ത് ബഹുജന പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചു. കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി. കിഫ ജില്ല പ്രസിഡൻറ് ജിജി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് പൈലി വാത്യാട്ട് ജോയി ജോസഫ്, തോമസ് കളപ്പുര, എം.വി. മാത്യു, വിനോദ് തത്തുപാറ, ഫാ.തോമസ് കീഴേത്ത്, ജിൽസ് എം.മേക്കൽ, എം.ജെ. റോബിൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.