പരിസ്ഥിതിലോല മേഖല അന്തിമ വിജ്ഞാപനം വരാനിരിക്കെ മലയോര ജനതയുടെ നെഞ്ചിടിപ്പേറുന്നു
text_fieldsകേളകം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള പരിസ്ഥിതിലോല മേഖല അന്തിമ വിജ്ഞാപനം വരാനിരിക്കെ മലയോര ജനതയുടെ നെഞ്ചിടിപ്പേറുന്നു. കേരളത്തിലെ എം.പിമാർ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സംസ്ഥാനം 2018ൽ നൽകിയ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു.
വില്ലേജുകളെ കുറച്ചുകൊണ്ട് 2018ൽ കേരളം നൽകിയ പി.എച്ച്. കുര്യൻ റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. 2014ൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നൽകിയ ശിപാർശകളോടുകൂടിയ അന്തിമ വിജ്ഞാപനം അതേപടി നടപ്പാകുമോ എന്നും വ്യക്തമല്ല.
ഏതു റിപ്പോർട്ട് നടപ്പാക്കിയാലും ജില്ലയിലെ പരിസ്ഥിതിലോല മേഖലകളിൽ കാര്യമായ മാറ്റങ്ങൾക്കിടയില്ലെന്നാണ് ലഭ്യമായ വിവരം. കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി വില്ലേജുകളാണ് കസ്തൂരിരംഗൻ റിപ്പോർട്ടിലും ഭേദഗതിയോടെ വന്ന ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ടിരുന്നത്.
എന്നാൽ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഈ വില്ലേജുകളെ പൂർണമായും ഉൾപ്പെടുത്തിയപ്പോൾ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ വില്ലേജുകളിലെ വനത്തോട് ചേർന്ന പ്രദേശങ്ങളെ മാത്രം ഉൾപ്പെടുത്താൻ ശിപാർശ നൽകി. 2018ൽ വീണ്ടും കേരള സർക്കാർ സമർപ്പിച്ച പി.എച്ച്. കുര്യൻ റിപ്പോർട്ട് പ്രകാരമുള്ള ശിപാർശയിൽ സംസ്ഥാനത്താകെ 31 വില്ലേജുകളെ ഒഴിവാക്കിയെങ്കിലും ജില്ലയിലെ മൂന്നു വില്ലേജുകളിലൊന്നുപോലും ഒഴിവാക്കപ്പെട്ടില്ല.
അതേസമയം, 2018ൽ കേരളം കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലയിൽ മൂന്ന് വില്ലേജുകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളതെങ്കിലും ഈ റിപ്പോർട്ടിനൊപ്പം നൽകിയിരിക്കുന്നത് കൂടുതൽ വില്ലേജുകളെ ഉൾപ്പെടുത്തിയ മാപ്പാണ്. കണിച്ചാർ, കേളകം വില്ലേജുകളിലെ പ്രദേശങ്ങളാണ് അധികമായി മാപ്പിൽ ചേർത്തിരിക്കുന്നത്. പരിസ്ഥിതിലോല മേഖലകളെ ചേർത്തുവരക്കാനായി നൽകിയിരിക്കുന്ന ജിയോ കോഓഡിനേറ്റുകളിൽ രണ്ടെണ്ണം കണിച്ചാറിലും രണ്ടെണ്ണം കേളകത്തുമാണുള്ളത്. പരിസ്ഥിതിലോല മേഖലകളായി കസ്തൂരിരംഗൻ റിപ്പോർട്ടിൽപോലും ഉൾപ്പെടുത്താത്ത ഈ വില്ലേജുകളിൽ ജിയോ കോഓഡിനേറ്റുകൾ മാർക്ക് ചെയ്തിരിക്കുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
2014ൽ കേന്ദ്രം അംഗീകരിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരവും ജില്ലയിൽ മൂന്നു വില്ലേജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പ്രകാരമുള്ള മാപ്പിലും ജിയോ കോഓഡിനേറ്റുകളിൽ കൂടുതൽ വില്ലേജുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്. കസ്തുരിരംഗൻ റിപ്പോർട്ടിൽ പരാമർശിക്കാത്ത വില്ലേജുകളെ ഉൾപ്പെടുത്തി പുതിയ ജിയോ കോഓഡിനേറ്റുകൾ ചേർത്തിരിക്കുന്നത് പിൻവലിക്കണമെന്ന് കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആവശ്യപ്പെട്ടു.
ഏത് റിപ്പോർട്ട് ആണോ അംഗീകരിക്കുന്നത് ആ റിപ്പോർട്ട് അംഗീകരിക്കുന്നതിനുമുമ്പ് അതുപ്രകാരമുള്ള ജിയോ കോഓഡിനേറ്റുകൾ ഭൂമിയിൽ മാർക്ക് ചെയ്ത്, റിപ്പോർട്ടിൽ പരാമർശിക്കാത്ത വില്ലേജുകളും പരാമർശിക്കുന്ന വില്ലേജുകളിൽ കൂടുതൽ കൃഷിഭൂമികളും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും കിഫ ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖല അന്തിമ വിജ്ഞാപനം വരാനിരിക്കെ ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.