ചീങ്കണ്ണിപ്പുഴയിൽ അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ ചെരിഞ്ഞു
text_fieldsകേളകം: ആറളം വന്യജീവി സങ്കേതത്തിെൻറ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിൽ ഗുരുതര പരിക്കുകളോടെ അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ ചികിത്സ കിട്ടാതെ ചെരിഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് പൂക്കുണ്ട് ചീങ്കണ്ണിപ്പുഴയിലെ വെള്ളത്തിൽക്കിടന്ന് കാട്ടാന ചെരിഞ്ഞത്. ഒരാഴ്ച മുമ്പുതന്നെ വനത്തിനുള്ളിൽ പരിക്കേറ്റ കാട്ടാന അലയുന്നത് ശ്രദ്ധയിൽപെട്ടിട്ടും വനപാലകർ ചികിത്സ ലഭ്യമാക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ പുഴയിലെ കയത്തിൽ കാട്ടാനയെ കണ്ടെത്തിയിട്ടും അതിനെ കരകയറ്റി വിടുകയായിരുന്നു.
മൃതപ്രായ നിലയിൽ കണ്ടിട്ടും, സ്വാഭാവികമായി കാട്ടാന സുഖം പ്രാപിക്കുമെന്നാണ് വനപാലകർ വിശദീകരിച്ചത്. തുടർന്ന് വൈകീേട്ടാടെ പുഴക്കരയിൽ വേദനതിന്ന് നട്ടം തിരിഞ്ഞ കാട്ടുകൊമ്പൻ ആശ്വാസം തേടി പുഴവെള്ളത്തിൽ ഊളിയിട്ടെങ്കിലും മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി.
പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് വേദന സഹിക്കാതെ ആന പുഴയിലിറങ്ങി നിന്നത്. സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്.പതിവിന് വിപരീതമായി പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ചത് ശ്രദ്ധിച്ചപ്പോഴാണ് ദേഹെത്ത ഗുരുതര പരിക്ക് ശ്രദ്ധയിൽപെട്ടത്. വലത് കാൽചട്ടയുടെ മുകളിലും മസ്തകത്തിന് പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വ്രണമായ നിലയിലാണ്. വാൽ പകുതിയോളം അഴുകിയിട്ടുണ്ട്. രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു.
രാവിലെ കണ്ടെത്തിയ കാട്ടാന ഉച്ച ഒരു മണിയോടെയാണ് പതുക്കെ കാട്ടിലേക്ക് പിൻവാങ്ങിയത്. മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷിെൻറ നേതൃത്വത്തിൽ വനപാലകരും റാപിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തിയിരുന്നു.
ആനകൾ തമ്മിലുള്ള സംഘർഷമാവാം പരിക്കിന് കാരണമെന്ന് വനപാലകർ പറഞ്ഞു. ഉച്ചക്ക് കാട്ടിലേക്ക് മടങ്ങിയ കാട്ടാന വൈകീേട്ടാടെ വീണ്ടും വേദന ശമിപ്പിക്കാൻ പുഴയിലെ കയത്തിൽ മടങ്ങിയെത്തുകയായിരുന്നു. ഇതിനിടെ, കാട്ടാനയുടെ പിൻഭാഗത്തെ വലിയ മുറിവ് വെടിയേറ്റതാണെന്നും സംശയമുണ്ട്. ആറളം ഫാമിനുള്ളിൽ വേട്ടക്കാർ വിഹരിക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. അതിനിടയിലാണ് അവശനിലയിൽ കണ്ടെത്തിയ കൊമ്പൻ ചെരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.