പരിസ്ഥിതിലോല മേഖല: കരട് വിജ്ഞാപനം തിരുത്തണമെന്ന് ആവശ്യം
text_fieldsകേളകം: ആറളം വനാതിർത്തിയിൽ 100 മീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിൽ തിരുത്തൽ ആവശ്യവുമായി കേളകം പഞ്ചായത്ത്. ചീങ്കണ്ണിപ്പുഴ അതിർത്തിയാക്കണമെന്നും മലയോരത്തെ 550 വീടുകൾക്കും ആയിരത്തോളം കർഷകർക്കും ഭീഷണിയാവുന്ന വിഷയത്തിൽ ജനവാസമേഖല ഒഴിവാക്കി അതിർത്തി നിർണയിക്കണമെന്നും അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ കേളകം പഞ്ചായത്ത് ഓഫിസിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും യോഗം ആവശ്യപ്പെട്ടു.
ആറളം വന്യജീവിസങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയതോടെ ബദൽനിർദേശങ്ങൾ സമർപ്പിക്കാനാണ് വന്യജീവിസങ്കേതവുമായി അതിർത്തി പങ്കിടുന്ന കേളകം ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്നത്.
ആറളം, കേളകം പഞ്ചായത്തുകൾ നിലവിൽ ആശങ്കയിലാണ്. പ്രഖ്യാപനത്തിൽ പ്രദേശവാസികൾക്കനുകൂലമായി മാറ്റം വരുത്തണമെന്നും ആവശ്യം ഉയർന്നു. ആറളം വന്യജീവി സങ്കേതത്തിെൻറ വളയംചാൽ മുതൽ രാമച്ചി വരെ 12.1 കിലോമീറ്ററും തെക്ക് പടിഞ്ഞാറ് ചീങ്കണ്ണിപ്പുഴക്കപ്പുറവും പടിഞ്ഞാറ് ആറളം ഫാമിനും പുനരധിവാസ മേഖലക്കും അതിരിലായി 11 കിലോമീറ്റർ നീളവുമാണ് 100 മീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയിൽപെടുത്തി കരട് വിജ്ഞാപനം വന്നത്. ഇത്രയും സ്ഥലത്ത് 100 മീറ്റർ പരിധി മാത്രമെ ഉള്ളൂവെങ്കിലും 550 ഓളം വീടുകൾ ഈ പരിധിക്കുള്ളിൽ വരും. ആറളം പഞ്ചായത്തിൽ ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളെയാണ് ബാധിക്കുക. ഇവിടെ മാത്രം 350 വീടുകൾ വരും. കേളകം പഞ്ചായത്ത് പരിധിയിൽ 200 ഓളം വീടുകളെ ബാധിക്കും. ഇതിൽ 70 ഓളം ആദിവാസി കുടുംബങ്ങളാണ്.
വന്യജീവിസങ്കേതത്തിനുചുറ്റും 100 മീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാക്കി നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം ജനദ്രോഹപരമാെണന്നും നിലവിൽ വനാതിർത്തികളായി കണക്കാക്കിയ പ്രദേശങ്ങളെ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ആറളം വന്യജീവിസങ്കേതത്തിെൻറ ഭാഗമായി വരുന്ന പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആനമതിലും പുഴയും ജെണ്ടയും അതിരുകളായി കണക്കാക്കി ജനവാസമേഖല സംരക്ഷിക്കണം. ഇത് കരട് വിജ്ഞാപനത്തിനെതിരെ ബദൽ നിർദേശമായി ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി സമർപ്പിക്കാനും തീരുമാനിച്ചു. വനാതിർത്തിയിൽ വളയംചാൽ മുതൽ കരിയംകാപ്പ് വരെയുള്ള ആനമതിൽ സ്ഥാപിച്ച പ്രദേശം പരിസ്ഥിതിലോല മേഖലയായി കണക്കാക്കണം.
വന്യജീവിസങ്കേതത്തിെൻറ ചീങ്കണ്ണിപ്പുഴയുമായി അതിരിടുന്ന പ്രദേശം മാത്രമേ ഇതിൽ ഉൾപ്പെടുത്താവൂ എന്നാണ് പഞ്ചായത്തിെൻറ നിലപാട്.
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ, വൈസ് പ്രസിഡൻറ് എ. രാജൻ, പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, മനോഹരൻ മരാടി, കുഞ്ഞുമോൻ കണിയാഞ്ഞാലിൽ, തോമസ് വെട്ടുപറമ്പിൽ, തങ്കമ്മ സ്കറിയ, ബ്ലോക്ക് അംഗം വർഗീസ് ജോസഫ്, നേതാക്കളായ സി.ടി. അനീഷ് (സി.പി.എം), സന്തോഷ് ജോസഫ് (കോൺഗ്രസ്) തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.