കനത്ത ജാഗ്രത; മാവോവാദികൾക്കായി വ്യാപക തിരച്ചിൽ
text_fieldsകേളകം: മാവോവാദി സംഘം വയനാട്ടിലെ ചപ്പാരത്ത് പൊലീസുമായി ഏറ്റുമുട്ടലുണ്ടായ സംഭവത്തിൽ കണ്ണൂരിലും കനത്ത ജാഗ്രത. തണ്ടർബോൾട്ട് സേനക്ക് നേരെ നിറയൊഴിച്ച അഞ്ചംഗ സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമത്തിൽ രക്ഷപ്പെട്ട മൂന്നു മാവോവാദികൾക്കായി വയനാട് -കണ്ണൂർ അതിർത്തി വനപ്രദേശങ്ങളിൽ സംയുക്തസേന വ്യാപക തിരച്ചിൽ നടത്തുകയാണ്.
മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന പേര്യ ചപ്പാരം പ്രദേശം പൊലീസ് വലയത്തിലാണെങ്കിലും രക്ഷപ്പെട്ട മാവോവാദികൾ കണ്ണൂരിന്റെ പരിധിയിലും എത്താനിടയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോണിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ, എസ്.ഐമാർ എന്നിവർ വിവിധ സംഘങ്ങളായി തണ്ടർബോൾട്ടിന്റെ സഹായത്തോടെ കൊട്ടിയൂർ -ആറളം -കണ്ണവം വനപ്രദേശങ്ങളിലും പ്രധാന പാതകളിലും നിരീക്ഷണത്തിലാണ്.
ദിവസങ്ങൾക്ക് മുമ്പ് ആറളം വനത്തിലും മാവോവാദി സംഘം വനപാലകർക്ക് നേരെ നിറയൊഴിച്ചിരുന്നു. കൂടാതെ മുമ്പ് വയനാട് കമ്പ മലയിൽ കെ.എഫ്.ഡി.സി ഓഫിസ് ആക്രമിച്ച സംഭവങ്ങളുമുണ്ടായി.
സംഭവത്തെ തുടർന്ന് വയനാട് -കണ്ണൂർ അതിർത്തി പ്രദേശങ്ങളിൽ കനത്ത പൊലീസ് ജാഗ്രതയിലാണ്. അതിർത്തി വനപ്രദേശങ്ങൾ, മാവോവാദി സംഘങ്ങൾ കടന്നെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ തണ്ടർബോൾട്ട് സേനയെ വിന്യസിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മുമ്പ് മാവോവാദി സാന്നിധ്യമുണ്ടായിട്ടുള്ള ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഇന്റലിജൻസ് വിഭാഗവും ആന്റി നക്സൽ സ്ക്വാഡും നിരീക്ഷണം ശക്തമാക്കി. കണ്ണവം, കോളയാട്, കേളകം, ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലെ കോളനികൾ, ആറളം ഫാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ചപ്പാരത്ത് പ്രദേശവാസി അനീഷിന്റെ വീട്ടിൽ മാവോവാദി സംഘം ഭക്ഷണം കഴിക്കുന്നുണ്ടന്ന വിവരമറിഞ്ഞാണ് പൊലിസ് സംഘം എത്തിയത്.
തുടർന്നാണ് തണ്ടര്‍ബോള്‍ട്ടുമായി വെടിവെപ്പുണ്ടായത്. മൂന്ന് വനിതകളും ഒരു പുരുഷനുമായിരുന്നു മാവോവാദി സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു പുരുഷനേയും സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.