വിലയിടിവ്: കർഷകർ റബർ കൃഷിയിൽനിന്ന് അകലുന്നു; വിലസ്ഥിരത ഫണ്ട് 250 രൂപയാക്കണമെന്നാവശ്യം
text_fieldsകേളകം: തേങ്ങയുടെ വിലയിടിവും ഇടവിളകൃഷികളും, കശുവണ്ടിയും, കുരുമുളകും വരുമാനമാർഗമല്ലാതായപ്പോൾ കർഷകരുടെ പ്രതീക്ഷ റബറിലായിരുന്നു. എന്നാൽ റബറിന്റെ വിലയിടിവ് ഇരുട്ടടിയായയെതന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ റബർ ഷീറ്റ് വില 160 രൂപയായിരുന്നു. എന്നാൽ ഇപ്പോഴത്തെ വില 149 രൂപ. ലാറ്റക്സ് വില 175 രൂപയായി ഉയർന്നതിന്റെ ഫലം കർഷകർക്ക് ലഭിച്ചത് ഭാഗികമായാണ്.
10 ലക്ഷം കർഷകരുടെ ഉപജീവനമാർഗമായ റബർ മേഖലയിലെ പ്രശ്നത്തിൽ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു. വിലയിടിവു പിടിച്ചുനിർത്താൻ പ്രഖ്യാപിച്ച താങ്ങുവിലയും സബ്സിഡിയും ഫലപ്രദമാകുന്നുമില്ല.
ദുരിതത്തിലായി റബർ കർഷകർ
ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റബർ ടാപ്പിങ് ആരംഭിച്ച കർഷകർ വിലത്തകർച്ചയിൽ വലിയ ആശങ്കയിലാണ്. വർഷകാല ടാപ്പിങ് പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ധനസഹായത്തിൽനിന്ന് റബർ ബോർഡ് ‘മലക്കം’ മറിഞ്ഞതായും കർഷകർ ആരോപിക്കുന്നു. റെയിൻഗാർഡിന് ഹെക്ടറിന് 5000 രൂപയും സ്പ്രേയിങ്ങിന് 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ, ഇപ്പോൾ റെയിൻഗാർഡിനും സ്പ്രേയിങ്ങിനും 4000 രൂപ വീതമേ നൽകാനാകൂയെന്ന നിലപാടിലാണ് റബർ ബോർഡെന്ന് കർഷകർ പരാതിപ്പെടുന്നു. ഇത് കേരളത്തിലെ റബർ കർഷകരോട് മാത്രമാണെന്നും സംസ്ഥാനത്തിന് പുറത്തുള്ള കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം ലഭിച്ചതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. രണ്ട് ഹെക്ടർ വരെ തോട്ടങ്ങളിലെ റബർ മരങ്ങൾ റെയിൻഗാർഡ് ചെയ്യാനും സ്പ്രേയിങ് നടത്താനും ആവശ്യമായ സാധന സാമഗ്രികളുടെ വില ധനസഹായമായി നൽകുമെന്നാണ് റബർ ബോർഡ് പ്രഖ്യാപിച്ചത്. ഉയർന്ന വില മുന്നിൽകണ്ടുള്ള പ്രവർത്തനം ആരംഭിച്ചപ്പോൾ ഇപ്പോൾ വിലയിടിയുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടയർ വ്യവസായികൾ മനഃപൂർവം വിലയിടിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
2011ൽ റബർ വില 240 രൂപയിലെത്തിയശേഷം പിന്നീട് കിലോഗ്രാമിന് 95 രൂപ വരെയായി ഇടിഞ്ഞു, കോവിഡ് കാലം റബർ കർഷകരുടെയും ദുരിതകാലമായിരുന്നു. പിന്നിട് റബർ വില 2021ൽ 170 രൂപയിലെത്തിയെങ്കിലും താഴേക്ക് പതിച്ചു. റബർ വിലയിടിവിന് കാരണം ഇറക്കുമതിയും ആസിയാൻ കരാറിലെ വ്യവസ്ഥകളുമാണെന്നാണ് വിലയിരുത്തൽ. റബറിന് കഴിഞ്ഞ ശനിയാഴ്ച വില 149 രൂപയും, ഒട്ടുപാലിന് 80 രൂപയും മാത്രം വിലസ്ഥിരത ഫണ്ട് 250 രൂപയെങ്കിലും ആയി ഉയർത്തിയാൽ മാത്രമേ തൊഴിലാളിക്ക് കൂലി കൊടുത്തു കഴിഞ്ഞ് റബർ കർഷകന് ബാക്കിയെന്തെങ്കിലും മിച്ചം പിടിക്കാനാകൂ.
സബ്സിഡി തുകയടക്കം 170 രൂപയാണ് കർഷകന് റബർ ഷീറ്റിൽ നിന്നു നിലവിൽ ലഭിക്കുന്നത്. ഒട്ടുപാലിനും വില കുറയുന്ന അവസ്ഥയാണ് നിലവിൽ. റബർ കൃഷി കുറയുന്നതുപോലെ ജില്ലയിൽ ടാപ്പിങ് തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു വരികയാണ്. വരുമാനം കുറഞ്ഞതോടെ ടാപ്പിങ് നിർത്തിവെച്ച തോട്ടങ്ങളിൽ നെടുവീർപ്പിടുകയാണ് കർഷകർ.
എല്ലാ മേഖലയിലും വിലക്കയറ്റമുണ്ടാകുമ്പോഴും റബറിനു മികച്ച വില ലഭിക്കാത്തതും കൂലിച്ചെലവും വന്യമൃഗശല്യവും പ്രതികൂല കാലാവസ്ഥയും ഉൽപാദനക്കുറവുമെല്ലാം ജില്ലയിലെ കർഷകരെ റബർ കൃഷിക്ക് പകരം മറ്റു കൃഷികൾ ഇറക്കാൻ പ്രേരിപ്പിക്കുകയാണ്. ടാപ്പിങ് കൂലി കഴിഞ്ഞാൽ മിച്ചമൊന്നുമില്ലാതായതോടെ കർഷകർ മറ്റു കൃഷിയിലേക്കു കടക്കുകയാണ്.
റബർ കൃഷി ഉപേക്ഷിക്കുന്നവർ കശുമാവ്, കുരുമുളക്, കമുക് പോലുള്ള കൃഷികളിലേക്കാണു തിരിയുന്നത്. ചിലർ വിദേശ ഫലവർഗകൃഷിയിലും പ്രതിക്ഷയർപ്പിക്കുന്നു. പ്രതികൂല കാലാവസ്ഥയും വന്യമൃഗശല്യവും മൂലം റബർ ടാപ്പിങ് കുറയുന്നതാണു ജില്ലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം. വില സ്ഥിരതയില്ലാത്തതും കർഷകരെ മടുപ്പിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പൊതുവിപണിയിൽ ഇടപെടാത്തതാണു റബർ വില ചാഞ്ചാടുന്നതിന് പിന്നിലെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.