കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; പൊറുതിമുട്ടി കർഷകർ
text_fieldsകേളകം: മലയോരത്തെ കൃഷിയിടങ്ങൾ വാനരപ്പട കൈയടക്കി വിളകൾ നശിപ്പിച്ച് വിഹരിക്കുമ്പോൾ പ്രതിഷേധവും, നൊമ്പരവും ഉള്ളിലൊതുക്കുകയാണ് കർഷക സമൂഹം. കണിച്ചാർ, കൊട്ടിയൂർ, ആറളം, കോളയാട്, കേളകം പഞ്ചായത്തുകളിലെ കർഷകരുടെ പാടത്ത് വിളയുന്നതിപ്പോൾ നൊമ്പരം മാത്രം.
ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് കൂട്ടത്തോടെയെത്തുന്ന കുരങ്ങുകളാണ് പകലന്തിയോളം മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ജീവിതത്തിലെ വില്ലന്മാരായി മാറന്നത്. വാനരക്കൂട്ടം തെങ്ങിന്‍തോപ്പിലെത്തി കരിക്കുകളും ഇളനീരുമെല്ലാം വ്യാപകമായി നശിപ്പിക്കുകയാണ്.
ബാക്കിയാക്കി പോകുന്ന തേങ്ങകള്‍ പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം തെങ്ങുകയറ്റ കൂലി കൊടുത്തു കഴിഞ്ഞാല്‍ നഷ്ടമായിരിക്കും ഫലം. ഒരുതെങ്ങ് കയറാന്‍ 40 രൂപയാണു നല്‍കേണ്ടത്. ഇനി പൊഴിഞ്ഞുവീഴുന്ന തേങ്ങ ശേഖരിക്കാമെന്നുവച്ചാല്‍ അതു കാട്ടുപന്നിയും തിന്നും.
മടപ്പുരച്ചാല്‍, ഓടന്തോട്, പെരുമ്പുന്ന ഭാഗത്തെ എല്ലാ കര്‍ഷകരുടെയും സ്ഥിതി സമാനമാണ്. വാഴ, മരച്ചീനി, ഫലവര്‍ഗങ്ങള്‍ തുടങ്ങിയവയും കുരങ്ങുകള്‍ നശിപ്പിക്കുകയാണ്. വാഴത്തോട്ടങ്ങളിലും വാനരപ്പട നിലംപരിശാക്കിത്തുടങ്ങി. വാഴക്കന്നുകള്‍ കീറി ഉള്ളിലെ കാമ്പ് തിന്നുകയാണു പതിവ്. കൂടാതെ മൂപ്പെത്താത്ത വാഴക്കുലകളും തിന്നുനശിപ്പിക്കുകയും ഇലകള്‍ കീറിക്കളയുകയും ചെയ്യും.
മൂന്ന് ദിവസം ഒരു തോട്ടത്തില്‍ തമ്പടിച്ച് കൃഷി മുഴുവന്‍ നശിപ്പിച്ച് കഴിയുമ്പോള്‍ അടുത്ത തോട്ടം ലക്ഷ്യമാക്കി നീങ്ങും. കൃത്യമായ ഇടവേളകളില്‍ ഓരോ തോട്ടത്തിലേക്കുമെത്തുന്നതാണ് രീതി. ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരായി കൂട്ടത്തോടെ പിന്തുടര്ന്ന് ആക്രമിക്കുകയും ചെയ്യും.
മലയോരത്തെ എല്ലാ സ്ഥലങ്ങളിലും വാനരപ്പടയുടെ ശല്ല്യം അതിരൂക്ഷമാണ്. കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ വീടുകളിലെ ജനലുകളും വാതിലുകളും തുറന്നിടാന്‍ കഴിയാത്ത സ്ഥിതിയാണ്. കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കുന്നതും പതിവാണ്. കൊട്ടിയൂർ, കേളകം വനാതിർത്തികളിലും കുരങ്ങു ശല്ല്യമുണ്ട്.
കൃഷിചെയ്യുന്ന വിളകള്‍ പന്നിയും ആനയും മലമാനും കാട്ടുപോത്തും മത്സരിച്ചു നശിപ്പിക്കുമ്പോള്‍ മറ്റുള്ളവ കുരങ്ങും നശിപ്പിക്കുകയാണ്. ശല്ല്യക്കാരായ കുരങ്ങുകളെ കൂടുവച്ച് പിടിച്ച് ഉള്‍വനത്തില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകര്‍ വിലകൽപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. വനപാലകരുടെ നിസംഗതയിൽ പ്രതിഷേധിച്ചും ഇതിനെ മറികടക്കാൻ സംഘടിക്കുകയാണിപ്പോൾ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.