ആനപ്പേടി; വിളവെത്തും മുമ്പേ ചക്ക ഉത്തരേന്ത്യൻ വിപണിയിലേക്ക്
text_fieldsകേളകം: ആനകളെ പേടിച്ച് മലയോര കർഷകർ പ്ലാവിൽനിന്ന് വിളവെത്തും മുമ്പ് ശേഖരിക്കുന്ന ചക്ക ഉത്തരേന്ത്യൻ വിപണിയിലേക്ക് ഒഴുകുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇവ കയറ്റിപ്പോകുന്നത്.പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഷുഗർലെസ് ബിസ്കറ്റ് നിർമാണത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
വനാതിർത്തിയിൽ താമസിക്കുന്ന കർഷകർക്ക് ചക്ക സീസൺ വന്യമൃഗ ഭീഷണിയുടെ കാലംകൂടിയാണ്. ചക്ക പഴുക്കുമ്പോൾ മണം പിടിച്ച് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ തീറ്റ തേടിയെത്തുന്നതാണ് കർഷകരെ ഭീഷണിയിലാക്കുന്നത്. ഇതുകൂടി മുന്നിൽകണ്ട് പലരും ചക്ക മൂക്കുന്നതിനു മുമ്പ് പറിച്ച് വിറ്റൊഴിക്കുകയാണ്.
കാട്ടാനശല്യം രൂക്ഷമായ ഓടംതോട്, അണുങ്ങോട്, മടപ്പുരച്ചാൽ, നെല്ലിയോടി തുടങ്ങിയ മേഖലകളിൽനിന്നാണ് പ്രധാനമായും കണിച്ചാറിലേക്ക് ചക്ക എത്തുന്നത്. ഇടിച്ചക്ക പരുവത്തിലുള്ള ചക്കക്കാണ് വൻ ഡിമാൻഡെന്ന് കച്ചവടക്കാർ പറയുന്നു.രണ്ടു ദിവസങ്ങളിലായി 18 ക്വിന്റലോളം ചക്കയാണ് കർഷകനായ പാമ്പാറയിൽ ജോസഫ് പാപ്പച്ചൻ വിറ്റത്.
കണിച്ചാർ ടൗണിലെ പാലിയത്തിൽ ജോയിയുടെയും മകന്റെയും പി.സി. വെജിറ്റബിൾസ് ആണ് മലയോര മേഖലകളിൽ ചക്കക്ക് വിപണിയൊരുക്കുന്നത്. കിലോ എട്ടുരൂപക്കാണ് ചക്ക എടുക്കുന്നത്. ഇടിഞ്ചക്ക എന്നറിയപ്പെടുന്ന ഒരു കിലോ മുതൽ അഞ്ചു കിലോവരെയുള്ള ഇളം ചക്കയാണ് എടുക്കുന്നതെന്ന് ജോയി പറഞ്ഞു. ഇവിടെ ചക്ക വിപണി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നേയുള്ളൂ. ദിനേന ഒന്നര ടൺ ചക്കയാണ് കയറ്റിയയക്കുന്നത്. കണിച്ചാർ ഓടംതോട്, കൊട്ടിയൂർ നെല്ലിയോടി, ആറളം ഫാം തുടങ്ങിയ സ്ഥലങ്ങളിലെ കർഷകരാണ് ചക്ക വിൽക്കാനെത്തുന്നത്. കാട്ടാന വരാതിരിക്കാൻ പ്ലാവ് വെട്ടിക്കളയുന്ന കർഷകർ ചക്ക വിൽക്കാൻ വഴിതേടി വന്നപ്പോൾ അന്വേഷിച്ചതിനെത്തുടർന്നാണ് ഇങ്ങനെ ഒരു വിപണി ഒരുക്കാനായതെന്ന് ജോയി പറഞ്ഞു. ആദ്യമായാണ് മലയോരത്ത് ചക്കക്ക് വ്യാപകമായി വിപണി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.