കൊട്ടിയൂർ തീർഥാടകർക്ക് പെരുമാളിന്റെ പ്രസാദമായി ഓടപ്പൂക്കൾ
text_fieldsകേളകം: പാലുകാച്ചിമലയുടെ മടിത്തട്ടിൽ വയനാടൻ മലനിരകളാൽ ചുറ്റപ്പെട്ട കൊട്ടിയൂർ ദേശത്തിന് ഉത്സവകാലമാണിപ്പോൾ. ദക്ഷിണ കാശിയെന്നറിപ്പെടുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലും വിശ്വാസങ്ങളിലുമെല്ലാം പ്രകൃതിയുടെ തുടിപ്പുകളുണ്ട്.
ഉത്സവകാലത്ത് ദിവസവുമെത്തുന്ന ആയിരങ്ങൾ ക്ഷേത്രദർശനത്തിന്റെയും മഴയിൽ കുതിർന്ന ഉത്സവത്തിന്റെയും ഓർമ നിറഞ്ഞ ഓടപ്പൂക്കളുമായാണ് മടങ്ങാറുള്ളത്. ഉത്സവം കഴിഞ്ഞാലും വീടുകളുടെ ഉമ്മറത്തും പൂജാമുറിയിലും ഉത്സവത്തിന്റെ ഓർമയായി ഓടപ്പൂക്കൾ തൂങ്ങിക്കിടക്കും.
ദക്ഷ പ്രജാപതി യാഗം നടത്തിയ ഭൂമിയാണ് കൊട്ടിയൂരെന്നാണ് വിശ്വാസം. വീരഭദ്രൻ പിഴുതെറിഞ്ഞ ദക്ഷന്റെ താടിയാണ് ഓടപ്പൂവെന്നും വിശ്വാസമുണ്ട്. 28 ദിവസം നീളുന്ന കൊട്ടിയൂർ ഉത്സവത്തിനോടൊപ്പമുള്ള വലിയൊരു വ്യാപാരംകൂടിയാണ് ഓടപ്പൂക്കളുടേത്. ഉത്സവകാലത്ത് കൊട്ടിയൂരമ്പലത്തിനു ചുറ്റും ഇരുനൂറോളം ഓടപ്പൂ കടകളുണ്ടാവും. ഉത്സവകാലത്ത് കൊട്ടിയൂർ പ്രദേശത്തെ ഭൂരിഭാഗം പേരും ഓടപ്പൂ കച്ചവടം ചെയ്യും.
വ്യത്യസ്ത വലുപ്പത്തിലുള്ള ഓടപ്പൂക്കൾക്ക് 50 മുതൽ 200 രൂപ വരെ വിലയുണ്ട്. കാട്ടിൽനിന്ന് ശേഖരിക്കുന്ന ഓട ഓടപ്പൂവായി മാറുന്നതിന് പിന്നിലും മനുഷ്യാധ്വാനത്തിന്റെ നിരവധി ഘട്ടങ്ങളുണ്ട്. മേയ് ആദ്യവാരം വയനാട്ടിലെ കാടുകളിൽനിന്ന് ഓട ശേഖരിക്കും. മൂപ്പെത്താത്ത ഇളം ഓട വെട്ടിയെടുത്ത് കഷണങ്ങളാക്കും.
ഇത് ഇടിച്ച് കറ കളയാൻ ഒരു ദിവസം വെള്ളത്തിലിട്ടുവെക്കും. ഓടപ്പൂ നിർമാണത്തിനായി തയാറാക്കിയ മുള്ള് എന്ന ഉപകരണംകൊണ്ട് ചീകിയെടുക്കും. അത് മറിച്ചിട്ട് കെട്ടിയാണ് ഓടപ്പൂവാക്കുന്നത്. ഇത് കൊട്ടിയൂരിലെത്തുന്ന ലക്ഷോപലക്ഷം തീർഥാടകർ ഉൽസവകാലത്തിന്റെ അടയാളമായി നെഞ്ചേറ്റുന്നത് വൈശാഖോത്സവത്തിന്റെ പ്രേത്യകതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.