കടുവയെ കണ്ടു, കണ്ടില്ല!
text_fieldsകേളകം: കരിയംകാപ്പിൽ ചുറ്റിക്കറങ്ങുന്ന കടുവ വീണ്ടും ഒളിത്താവളത്തിൽ. തുടർച്ചയായ ദിവസങ്ങളിൽ വനംവകുപ്പ് സംഘവും നാട്ടുകാരും മലമടക്കുകളിൽ വിയർപ്പൊഴുക്കി നടത്തിയ തിരച്ചിൽ വിഫലമായി. അടക്കാത്തോട്ടിലെ കരിയംകാപ്പിൽ തിങ്കളാഴ്ച രാവിലെ കടുവയെ നേരിൽ കണ്ടത് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്തും സംഘവുമായിരുന്നു. തുടർന്ന് കുന്നിറങ്ങി കടുവയെ കണ്ട സ്ഥലം മുതൽ മലമടക്കുകളിലും താഴ്വാരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ച രാത്രി വനംവകുപ്പ് വിരിച്ച വലയിൽനിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ട കടുവ തിങ്കളാഴ്ച രാവിലെ വീണ്ടും പ്രത്യക്ഷപ്പെട്ടത് സമീപത്തെ ചിറക്കുഴി ബാബുവിന്റെ വീടിനു സമീപത്തായാണ്. ഇതിന് തൊട്ടടുത്ത സ്ഥലത്താണ് ഞായറാഴ്ച രാത്രി കടുവയെ വനംവകുപ്പ് വളഞ്ഞുവെക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്തത്. വനപാലക സംഘത്തെയും നാട്ടുകാരെയും കണ്ടതോടെ കടുവ മുകൾഭാഗത്തേക്ക് കയറിപ്പോവുകയായിരുന്നു.
പ്രദേശത്തെ റബർ തോട്ടങ്ങളും കശുമാവിൻ തോട്ടങ്ങളും ഉൾപ്പെടെ അരിച്ചുപെറുക്കിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കൊട്ടിയൂർ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ നൂറിലധികം വനപാലകരാണ് തിരച്ചിൽ നടത്തിയത്. വയനാട്ടിൽ നിന്നെത്തിയ മയക്കുവെടി സംഘവും തിരച്ചിൽ നടത്തി. തുടർന്ന് കടുവ ദിവസങ്ങളായി വട്ടമിടുന്ന ചിറക്കഴിയിൽ ബാബുവിന്റെ കൃഷിയിടത്തിന് സമീപവും വെള്ളമറ്റം റോയിയുടെ കൃഷിയിടത്തിന്റെ താഴ്വാരത്തും കൂടും കാമറയും സ്ഥാപിച്ചു. പ്രദേശത്ത് നിരീക്ഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ജില്ല പഞ്ചായത്തംഗം ലിസി ജോസഫ്, പഞ്ചായത്തംഗങ്ങളായ സജീവൻ പാലുമ്മി, ഷാന്റി സജി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും വനംവകുപ്പ് തിരച്ചിൽ സംഘത്തിന് സഹായവുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.