വന്യമൃഗങ്ങൾ തൊടാത്ത കൃഷിയിറക്കി കർഷകരുടെ തന്ത്രം; നൂറുമേനി വിജയം
text_fieldsകേളകം: മലയോരത്ത് എന്തുകൃഷി ചെയ്താലും വന്യമൃഗങ്ങൾ നശിപ്പിക്കുക പതിവാണ്. എന്നാൽ, വന്യമൃഗങ്ങൾ നശിപ്പിക്കാത്ത കൃഷിയിറക്കി നൂറുമേനി വിളയിച്ചിരിക്കുകയാണ് കൊട്ടിയൂരിലെ മൂന്ന് കർഷകർ. അധികം പരിചയമില്ലാത്ത മലയിഞ്ചി കൃഷിയിറക്കിയാണ് പടിഞ്ഞാറെ അമ്പായത്തോട് മേമലയിൽ ചിറക്കചാലിൽ അജീഷ്, വിറകൊടിയനാൽ അഭിലാഷ്, കിടങ്ങയിൽ വിദ്യാനന്ദൻ എന്നിവർ വിജയം കൊയ്തത്. മലയിഞ്ചി തൊട്ടാൽ പൊള്ളുന്നതിനാലും രൂക്ഷ ഗന്ധമുള്ളതിനാലും ഉറുമ്പുപോലും അടുത്തുവരില്ലെന്നാണ് കർഷകർ പറയുന്നത്. പാട്ടത്തിനെടുത്ത കുന്നിൻചെരുവിലെ അഞ്ച് ഏക്കർ സ്ഥലത്താണ് മലയിഞ്ചി അഥവാ കോലിഞ്ചി കൃഷി ഇറക്കിയത്.
കുടിയേറ്റക്കാർ കൊണ്ടുവന്ന വിത്തുകൾ ശേഖരിച്ച് ആദ്യം പരീക്ഷണം നടത്തി. തുടർന്ന് 2017ൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയറിക്കി. നാലുവർഷം കൊണ്ടാണ് വിളവെടുത്തത്. വിളവെടുത്ത മലയിഞ്ചി വേർതിരിച്ചെടുത്ത് ഉണങ്ങി നൽകിയാൽ കിലോക്ക് 150 രൂപ മുതൽ 200 രൂപ വരെ ലഭിക്കും. മലയോരത്ത് ഏക്കർകണക്കിന് മലയിഞ്ചി കൃഷിയിറക്കുന്നത് ആദ്യമായാണ്. മറ്റൊരു കൃഷിയും ചെയ്യാനാകാതെ തരിശുകിടക്കുന്ന കുന്നിൻചരിവുകളിൽ സമൃദ്ധമായി ഇവ വളരും.
വേദന സംഹാരിക്ക് ഏറ്റവും ഫലപ്രദമായ ആയുർവേദ ഔഷധമാണ് മലയിഞ്ചി. ബാം നിർമാണത്തിനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഉദരസംബന്ധമായ പലരോഗങ്ങൾക്കും ആയുർവേദത്തിൽ ഈ ചെടിയുടെ കിഴങ്ങുകൾ ഉപയോഗിക്കപ്പെടുന്നു.
നിലവിൽ ഇവരുടെ മലയിഞ്ചി മട്ടാഞ്ചേരിക്കാർ വന്ന് കച്ചവടം ഉറപ്പിച്ചിട്ടുണ്ട്. 20ൽ അധികം ടൺ മലയിഞ്ചി നൽകാനാവുമെന്ന പ്രതീക്ഷയുണ്ട് അജീഷിനും അഭിലാഷിനും വിദ്യാനന്ദനും. ഒപ്പം വന്യമൃഗങ്ങളുടെ ശല്യമില്ലാതെ നൂറുമേനി വിളവെടുത്ത സന്തോഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.