ആറളം ആനമതിലിന് പച്ചക്കൊടി; 14 കി.മീ നീളത്തിൽ മതിൽ പണിയും
text_fieldsകേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയെയും ഫാമിനെയും കാട്ടാന ഭീഷണിയിൽനിന്ന് രക്ഷിക്കുന്നതിന് വനാതിർത്തിയിൽ പുതുതായി 14 കിലോമീറ്ററിൽ നിർമിക്കുന്ന ആനമതിലിനുള്ള 11 കോടിയുടെ ആദ്യഗഡു പട്ടികവർഗ വികസന വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി. നേരത്തെ തയാറാക്കിയ എസ്റ്റിമേറ്റ് പുതുക്കി പുതിയ എസ്റ്റിമേറ്റ് തയാറാക്കാൻ പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ കത്തുനൽകി.
രണ്ടുവർഷം മുമ്പ് ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ മൊത്തം അടങ്കൽ തുകയിൽ 50 ശതമാനമായ 11 കോടി രൂപ മുൻകൂറായി നൽകുന്നതിന് ധനവകുപ്പ് നേരത്തേ അനുമതി നൽകിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് നിർമാണം പൂർത്തിയാക്കുക. രണ്ടുവർഷം മുമ്പ് ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ ഇല്ലാതെ നിർമാണ കരാർ കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനായി തയാറാക്കിയ എസ്റ്റിമേറ്റ് ആവശ്യമെങ്കിൽ പുതുക്കി നിർമാണം ആരംഭിക്കാനാണ് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ പൊതുമാരാമത്ത് ചീഫ് എൻജിനീയർക്ക് നൽകിയ കത്തിൽ നിർദേശിച്ചിട്ടുള്ളത്.
ടെൻഡർ ഇല്ലാതെ പ്രവൃത്തി അനുവദിക്കുന്നതിനെതിരെ പരാതി ഉയർന്നതോടെ ഊരാളുങ്കൽ സൊസൈറ്റി പിന്മാറി. പ്രവൃത്തി പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് സണ്ണി ജോസഫ് എം.എൽ.എയും പട്ടികവർഗ വികസന വകുപ്പും നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ വിജയത്തിലെത്തിയത്. 18 മാസം കൊണ്ട് മതിൽ നിർമിക്കണമെന്ന് ഒരുമാസം മുമ്പ് ഹൈകോടതി പട്ടികവർഗ വികസന വകുപ്പിന് അന്ത്യശാസനം നൽകിയിരുന്നു. ആറളം ഫാമിലെ നാല് താമസക്കാരും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധനും സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി ഇടപെടൽ ഉണ്ടായത്.
നിലവിലുള്ള മതിലിനോട് ചേർന്ന് തന്നെയാണ് പുതിയ പ്രതിരോധ മാർഗങ്ങളും സ്ഥാപിക്കുക. ആറളം ഫാമിനെയുംകൂടി സംരക്ഷിക്കുന്ന വിധത്തിലായിരിക്കണം പ്രതിരോധ സംവിധാനം ഉണ്ടാക്കേണ്ടതെന്ന ജില്ല കലക്ടറുടെയും ആദിവാസി പുനരധിവാസ മിഷെൻറയും നിർദേശത്തെ തുടർന്നാണ് സംയുക്ത പരിശോധന നടത്തി മതിലിെൻറ രൂപരേഖ തയാറാക്കിയത്. നിലവിൽ ആറളം വന്യജീവി സങ്കേതവും പുനരധിവാസ മേഖലയും അതിർത്തി പങ്കിടുന്ന 11 കിലോമീറ്ററിലാണ് ആനമതിൽ ഉൾപ്പെടുന്ന പ്രതിരോധ സംവിധാനം ഉള്ളത്. ഇതിൽ അഞ്ചുകിലോമീറ്റർ കരിങ്കല്ലുകൊണ്ടു നിർമിച്ച ആനമതിലും മൂന്ന് കിലോമീറ്റർ റെയിൽ വേലിയും മൂന്ന് കിലോമീറ്റർ ട്രഞ്ചുമാണ്. നിലവിലുള്ള പ്രതിരോധ സംവിധാനം നിലനിർത്തി ഇതിനോട് ചേർന്ന് 14 കിലോമീറ്റർ മതിൽ നിർമിക്കാനാണ് അനുമതി.
പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്ക് കാളികയം മുതൽ 11ാം ബ്ലോക്ക് കക്കുവ വരെയുള്ള മേഖലയിലൂടെയാണ് മതിൽ കടന്നുപോവുക. നബാർഡിെൻറ സഹായത്താൽ മൂന്ന് കിലോമീറ്റർ റെയിൽ ഫെൻസിങ് സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപ നേരത്തെ മാറ്റിവെച്ചിരുന്നു. വനംവകുപ്പും പുനരധിവാസ മിഷനും നിർവഹണ ഏജൻസിയായ കിറ്റ്കോയും ചേർന്ന് നടത്തിയ പരിശോധനയിൽ 13ാം ബ്ലോക്കിൽ ഒരുകിലോമീറ്ററും ഒമ്പത്,10 ബ്ലോക്കുകളിലായി രണ്ട് കിലോമീറ്ററുമാണ് റെയിൽ ഫെൻസിങ് പൂർത്തിയാക്കിയത്. അവശേഷിക്കുന്ന ഭാഗത്തെ നിർമാണത്തിന് 22 കോടിയോളം രൂപ വേണ്ടി വരും. ഇതിനുള്ള 50 ശതമാനം തുകയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക നിർമാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് ആവശ്യപ്പെടുന്ന മുറക്ക് അനുവദിക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ ചീഫ് എൻജിനീയർ കണ്ണൂർ എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടു. ഇതോടെ രണ്ട് വർഷമായി ചുവപ്പുനാടയിൽ കുടുങ്ങിയ ജനസുരക്ഷ പദ്ധതിയാണ് പൂർത്തിയാവാൻ വഴിയൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.