ജീവൻ കൈയിൽപിടിച്ച് തൂക്കുപാലം യാത്ര; ഭാഗ്യമുണ്ടെങ്കിൽ അക്കരെയെത്തും....
text_fieldsകേളകം: വളയംചാല്‍ തൂക്കുപാലത്തിലൂടെ പ്രദേശവാസികളുടെ സാഹസിക യാത്ര. കോൺക്രീറ്റ് പാലം നിർമാണത്തിലെ അനിശ്ചിതത്വം തുടരുന്നു. പാലത്തിലൂടെ ജീവന് പണയം വെച്ചുള്ള ഞാണിന്മേല്ക്കളി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ദുരിത യാത്രക്ക് പരിഹാരം കാണുന്നതിനായി കോൺക്രീറ്റ് പാലം നിര്‍മാണത്തിന് തുക അനുവദിച്ചെങ്കിലും നിര്‍മാണം ഒച്ചിെൻറ വേഗതയിലാണ്.
കണിച്ചാര്‍, കേളകം പഞ്ചായത്തുകളെ ആറളം പുനരധിവാസ മേഖല, ആറളം വന്യജീവി സങ്കേതം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന വളയം ചാല് തൂക്കുപാലത്തിെൻറ അപകടാവസ്ഥ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല.
ഒരുതവണ പാലം ഉപയോഗിച്ചവര്‍ക്ക് എന്നും പേടിസ്വപ്നമാണ് ഈ പാലം. ഈ പാലത്തിലൂടെയാണ് ആറളം പുനരധിവാസ മേഖലയിലെ നൂറുകണക്കിന് ആദിവാസികളും വിനോദസഞ്ചാരത്തിനായി ആറളം വന്യജീവിസങ്കേതത്തില്‍ എത്തുന്ന സഞ്ചാരികളും മറുകരയെത്തുന്നത്. കഴിഞ്ഞദിവസം ഈ ബലക്ഷയം ഉള്ള തൂക്കുപാലത്തില്‍നിന്നും പുഴയിലേക്ക് വീണ് വളയംചാല്‍ കോളനിയിലെ ജാനു മരിച്ചതോടെയാണ് പാലം വീണ്ടും ചര്‍ച്ചയായത്. പ്രദേശവാസികളുടെ ദുരിതയാത്രക്ക് പരിഹാരം കാണുന്നതിനാണ് ആറു കോടിയിലധികം രൂപ ചെലവിൽ വളയം ചാലില്‍ പുതിയ പാലം നിര്‍മിക്കുന്നത്. 2019 ജനുവരിയിലാണ് കിറ്റ്കോയുടെ നേതൃത്വത്തില്‍ പ്രവൃത്തി തുടങ്ങിയത്. സമീപന റോഡിനായുള്ള സ്ഥലമേറ്റെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നതാണ് പ്രവൃത്തി നിലക്കാന് പ്രധാന കാരണമായിട്ടുള്ളത്. തൂക്കുപാലവുമായുള്ള ജീവന്മരണ പോരാട്ടം അവസാനിപ്പിച്ച് പേടിയില്ലാതെ യാത്ര ചെയ്യാന്‍ ഇനി എത്ര കാലം കാത്തിരിക്കേണ്ടി വരും എന്ന ചോദ്യമാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.