ആറളം കൊട്ടിയൂർ വനമേഖലകളിൽ ഹെലികോപ്ടർ നിരീക്ഷണം
text_fieldsകേളകം: മാവോവാദികളെ കണ്ടെത്താൻ വീണ്ടും ആകാശ നിരീക്ഷണം. ആറളം കൊട്ടിയൂർ വനമേഖലകളിൽ ഹെലികോപ്ടർ നിരീക്ഷണം നടത്തി. മാവോവാദികളുടെ കമാൻഡർ വിക്രം ഗൗഡ (41) കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഹെബ്രി താലൂക്കിൽ നട്പ്പാലു വില്ലേജിൽ കർണാടക ആന്റി നക്സൽ ഫോഴ്സുമായിനടന്ന ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ഇതിനെത്തുടർന്ന് കർണാടകയിൽനിന്ന് രക്ഷപ്പെട്ട ഗൗഡയോടൊപ്പമുള്ള മാവോവാദി സംഘം കേരള വനമേഖലയിലേക്ക് കടക്കാൻ സാധ്യതയുള്ളതായ റിപ്പോർട്ടുകളെ തുടർന്നാണ് മാവോവാദികൾ പതിവായി എത്തുന്ന ആറളം, കേളകം പൊലീസ് സ്റ്റേഷൻ പരിധികളിലും മാവോവാദികളുടെ സഞ്ചാരപാതയെന്നറിയപ്പെടുന്ന കൊട്ടിയൂർ ആറളം വനമേഖലകളിലും വ്യോമ നിരീക്ഷണം നടത്തിയത്.
വനമേഖലയിൽ പൊലീസ് നടത്തുന്ന നിരീക്ഷണത്തിന്റെ ഭാഗമായി കേരള -കർണാടക വനാതിർത്തിയിൽ പ്രത്യേക സംഘം ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്.
വയനാട് എ.എസ്.പി ടി.എൻ. സജീവൻ, പേരാവൂർ ഡിവൈ.എസ്.പി കെ.വി. പ്രമോദൻ എന്നിവരും നക്സൽ വിരുദ്ധ സേന അംഗങ്ങളുമാണ് നിരീക്ഷണം നടത്തിയത്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ കർണാടക, കേരള വനമേഖലയിലൂടെയാണ് വ്യാഴാഴ്ച ഹെലികോപ്ടറിൽ നിരീക്ഷണം നടത്തിയത്.
അതിർത്തി വനമേഖലകളിലും മാവോവാദികളുടെ സാന്നിധ്യമുണ്ടാവാറുള്ള പ്രദേശങ്ങളിലും ആറളം ഫാമിലും വ്യാഴാഴ്ച 12ഓടെയാണ് ഹെലികോപ്ടർ നിരീക്ഷണം നടത്തിയത്. വനമേഖലകളിലും മാവോവാദികളെത്താൻ സാധ്യതയുള്ള പ്രദേശങ്ങളിലും തണ്ടർബോൾട്ട് സേനയുടെയും നിരീക്ഷണം ഏർപ്പെടുത്തുകയും പ്രധാന പാതകളിൽ പരിശോധനകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.