റബർ തോട്ടങ്ങൾ കശുമാവ് തോട്ടങ്ങളാക്കി മലയോര കർഷകർ
text_fieldsകേളകം: മുൻകാലങ്ങളിൽ റബർ കൃഷിക്ക് വഴിമാറിയ കശുമാവ് കൃഷി മലയോരത്ത് മടങ്ങിയെത്തുന്നു. വർഷങ്ങളായി റബർ പുതുക്കൃഷി കുറഞ്ഞതായി റബർ ബോർഡ് കണക്ക് നിരത്തുന്നതിന്റെ മുഖ്യകാരണം കശുമാവ് കൃഷി വ്യാപനമാണ്. റബർ കൃഷിക്ക് വേണ്ടി വരുന്ന ചെലവിന്റെ പകുതിപോലും കശുമാവ് കൃഷിക്ക് ആവശ്യമില്ല. വേഗം വരുമാനം കിട്ടിത്തുടങ്ങുന്നതിനാൽ കർഷകർക്ക് കശുമാവ് കൃഷിയോട് ആഭിമുഖ്യവും ഏറുന്നുണ്ട്.
കശുമാവു കൃഷി കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വ്യാപിക്കുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പരമ്പരാഗത ഇനങ്ങളില്‍ നിന്നു മാറി അത്യുൽപാദനശേഷിയുള്ള തൈകള്‍ നട്ടാല്‍ കൃഷി ലാഭകരമാകും. കശുമാവു കര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന അത്യുൽപാദന ശേഷിയുള്ള നിരവധി ഇനങ്ങൾ ലഭ്യമാണ്. കശുമാവ് കർഷകർക്ക് വാഗ്ദാനമായി നിറയെ കായ്ഫലമുള്ള കാഷ്യു കിംഗ് എന്ന ഇനം കശുമാവ് മലയോര കർഷകർക്ക് ഏറെ പ്രിയങ്കരമാണ്. നട്ട് രണ്ടു വർഷം കൊണ്ട് വിളവെടുത്ത് തുടങ്ങാവുന്ന കാഷ്യു കിംഗ് കശുമാവ് നിറയെ കായ്ച്ച് നിൽക്കുന്നത് അടക്കാത്തോട്ടിലെ പടിയക്കണ്ടത്തിൽ ജിജുവിന്റെ തോട്ടത്തിലെ സവിശേഷതയാണ്. മൂന്നര ഏക്കർ കൃഷിയിടത്തിലെ സ്വന്തം നഴ്സറിയിൽ ഗ്രാഫ്റ്റ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് കാഷ്യു കിംഗ് കശുമാവ്. കൊട്ടിയൂർ ചപ്പമലയിലെ തോട്ടത്തിൽനിന്നാണ് അദ്ദേഹം മാതൃ കശുമാവ് കണ്ടെത്തിയത്. കണ്ണൂർ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ആറളം ഫാമിലെ സെൻട്രൽ നഴ്സറിയിൽ കനക, സുലഭ, പ്രിയങ്ക, അമൃത തുടങ്ങിയ ഇനത്തിൽപ്പെട്ട തൈകളും വിൽപനയുണ്ട്. ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടുന്ന വിളകളില്‍ കശുമാവിന് സുപ്രധാന സ്ഥാനമാണ്. 16ാം നൂറ്റാണ്ടില്‍ പോർച്ചുഗീസുകാരാണ് കേരളത്തിലെ മലബാര്‍ പ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി കശുമാവ് ആദ്യമായി കൊണ്ടുവന്നത്.
മലബാറുകള്‍ പോർച്ചുഗീസുകാരെ പറങ്കികള്‍ എന്നു വിളിച്ചിരുന്നതിനാല്‍ കശുമാവിനു പറങ്കിമാവെന്ന പേരു ലഭിച്ചു. കേരളമാണ് കശുമാവ് കൃഷി ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ വിസ്തൃതിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.