കാട്ടാനക്കൊമ്പിൽ കുരുങ്ങി മനുഷ്യജീവിതം; മലയോരത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി
text_fieldsകേളകം: ആറളം, കൊട്ടിയൂർ വനപരിധികളിൽ കാട്ടാനക്കൊമ്പിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ആറ് കൊല്ലത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമായി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി.
ഇരിട്ടിക്കടുത്ത ഉളിക്കൽ മട്ടിണിയിലെ പെരിങ്കരി ചെങ്ങഴശ്ശേരിയിൽ ജസ്റ്റിനാണ് ഒടുവിലത്തെ ഇര. ഞായറാഴ്ച ഭാര്യക്കൊപ്പം ബൈക്കിൽ പള്ളിയിലേക്ക് പോകുംവഴിയാണ് കാട്ടാനക്കൊമ്പിൽ ജസ്റ്റിെൻറ ജീവൻ പൊലിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രമായി മാറിയതിനുശേഷം 2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസിയിൽ നിന്നായിരുന്നു കാട്ടാന ആക്രമണത്തിന് തുടക്കം. ആനകൾക്ക് പുറമെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചീര എന്ന ആദിവാസി സ്ത്രീ കൂടി 10 വർഷത്തിനുമുമ്പ് ഫാമിൽ കൊല്ലപ്പെട്ടിരുന്നു. ഫാമിനുപുറത്ത് ഇതേ വനമേഖല പങ്കിടുന്ന കേളകം,കൊട്ടിയൂർ പഞ്ചായത്തുകളിലും കാട്ടാന ആക്രമണത്തിൽ അടുത്തകാലത്ത് രണ്ടുപേർ മരിച്ചു. ഇതോടെ ഇതുവരെ പേരാവൂർ മണ്ഡലത്തിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. വിളകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. കാട്ടാനകളും കാട്ടുപന്നികളും രാപ്പകലില്ലാതെ വിലസിനടക്കുന്ന മേഖലകളിൽ ചെകുത്താനും കടലിനും ഇടയിൽപെട്ട അവസ്ഥയിലാണ് മലയോര ജനത.വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം വെറും പാഴ് വാക്കാകുന്നതിെൻറ നേർക്കാഴ്ചയാണ് മലയോരവാസികളുടെ കൺമുന്നിൽ.
മുമ്പ് ദേവു എന്ന ആദിവാസി വയോധികയെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ വൻ പ്രതിഷേധമാണ് ഉയർന്നത്. അന്ന് പ്രതിഷേധം തണുപ്പിക്കാൻ നൽകിയ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി. ജന ങ്ങളുടെ ജീവൻ കാട്ടുമൃഗങ്ങളുടെ കാൽചുവട്ടിൽ പൊലിയുമ്പോൾ ഇനിയും ക്ഷമിച്ചുനൽകാനാവില്ലെന്ന നിലപാടാണ് കർഷക സംഘടനകൾക്ക്. കർഷക ഐക്യവേദിയായ കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ), മലയോര ഗ്രാമങ്ങളിലെ ജനജീവിതം സുരക്ഷിതമാക്കാൻ വനം വകുപ്പിനെതിരെ ശക്തമായ നിയമ നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്.
വനം വകുപ്പിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കണ്ണൂർ: വള്ളിത്തോട് പെരിങ്കരിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ വനം വകുപ്പിനെതിരെ കേസെടുത്തു. കണ്ണൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വന്യമ്യഗങ്ങളുടെ ശല്യം പ്രതിരോധിക്കാനായി പ്രദേശത്ത് വനം വകുപ്പ് സ്വീകരിക്കുന്ന നടപടികളുടെ വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമീഷൻ നിർദേശം നൽകി. പള്ളിയിലേക്ക് പോവുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. ഭർത്താവ് ജെസ്റ്റിൻ തോമസ് മരിച്ചു. ഭാര്യ ചികിത്സയിലാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനകൾ; ഭീതി ഒഴിയാതെ ജനം
ഇരിട്ടി: ഭീതിവിതച്ച് വീണ്ടും കാട്ടുകൊമ്പന്മാർ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ആറളം, ചാക്കാട് മേഖലയിലാണ് കാട്ടാനകളിറങ്ങി ജനങ്ങളെ ഏഴു മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത്.ബാവലി പുഴയുടെ ഭാഗമായ ആറളം ചാക്കാട് പുഴയുടെ തുരുത്തിലാണ് രാവിലെ ഏഴോടെ രണ്ട് കാട്ടാനകളെ കണ്ടത്. പുഴയിൽ കുളിക്കാനെത്തിയവരാണ് ആദ്യം ആനകളെ കണ്ടത്. തുടർന്ന് വനം അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. ഉടൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടാനയെ തുരത്താനുള്ള നടപടികൾ തുടങ്ങിയെങ്കിലും കനത്ത മഴ വില്ലനായി. 11ഓടെയാണ് വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയും കാട്ടാനകളെ തുരത്താൻ തുടങ്ങിയത്. തുടർന്ന് ആനകൾ പുഴയിലൂടെ പൂതക്കുണ്ട് ഭാഗത്തുകൂടി പാലത്തിനുസമീപത്തെത്തി.
അരമണിക്കൂറോളം പുഴയിലെ പൊന്തക്കാട്ടിലൊളിച്ച ഇവ പിന്നീട് ആറളം പാലത്തിനടിയിലൂടെ കടന്നുപോയി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇവിടെനിന്നും അയ്യപ്പൻകാവ് പുഴക്കര ഭാഗത്തുകൂടി കാപ്പുംകടവ് കൂടലാട് വഴി ആറളം ഫാമിലേക്ക് ആനകളെ തുരത്തി. വിവരമറിഞ്ഞ് നിരവധി പേരാണ് സംഭവസ്ഥലത്തെത്തിയത്. കാട്ടാനയിറങ്ങിയ വിവരം പൊലീസും പള്ളികളിൽ നിന്നുള്ള മൈക്ക് അനൗൺസ്മെൻറിലൂടെയും അറിയിച്ചതിനാൽ അപകടം ഒഴിവാക്കാനായി. കഴിഞ്ഞദിവസം പെരിങ്കരിയിൽ ബൈക്ക് യാത്രികനെ ആന ആക്രമിച്ച് കൊന്നതിനെത്തുടർന്നുണ്ടായ ഭീതി വിട്ടുമാറും മുേമ്പയാണ് വീണ്ടും ജനവാസകേന്ദ്രത്തിൽ കാട്ടാനകൾ എത്തിയത്. ഇതോടെ മലയോര ജനത ഒന്നടങ്കം ഭീതിയിലാണ്. വനംവകുപ്പിലെ അറുപതോളം വരുന്ന ഉദ്യോഗസ്ഥരും ആറളം, മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കാട്ടാനകളെ തുരത്താൻ നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.