ബങ്കറുകളിൽ ഭീതിയോടെ ഇവർ; കുടുങ്ങിയവരിൽ കണിച്ചാർ സ്വദേശിനിയും
text_fieldsകേളകം: യുക്രെയ്നിലെ ബങ്കറുകളിൽ കുടുങ്ങിക്കിടക്കുകയാണ് 300 ഓളം മലയാളികളടങ്ങുന്ന സംഘം. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണം കൂടിയെ ഇവരുടെ കൈവശമുള്ളൂവെന്ന് പറയുന്നു. കണിച്ചാറിലെ നെടുങ്കല്ലേൽ ജോൺ-ജോളി ദമ്പതിമാരുടെ മകൾ തെരേസയടക്കമുള്ള മലയാളി സംഘമാണ് യുദ്ധക്കെടുതിയിൽ കുടുങ്ങിയത്.
ഇവർ ഒമ്പതാം ദിവസവും ബങ്കറിലാണ്. സുമി മെഡിക്കൽ സർവകലാശാലയിലെ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ തെരേസ ജോൺ വാട്ട്സ്ആപ് വിഡിയോ കോൾ വഴി തങ്ങളുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഹോസ്റ്റലിനു താഴെ തന്നെ ബങ്കറുണ്ട്. സൈറൺ കേട്ടാലുടൻ ബങ്കറിലേക്ക് ഓടും. മറ്റു സമയങ്ങളിൽ റൂമിൽ കഴിച്ചുകൂട്ടും. നാട്ടിലേക്ക് വരുന്നതിനെക്കുറിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
അത്യാവശ്യ സാധനങ്ങളുമായി തയാറായിരിക്കാൻ മാത്രമാണ് പറഞ്ഞിരിക്കുന്നത്. പുറത്ത് ഇടക്ക് വെടിവെപ്പിന്റെയും ബോംബ് സ്ഫോടനത്തിന്റെയും ശബ്ദങ്ങൾ കേൾക്കാം. ആയുധധാരികളായ യുക്രെയ്ൻ പൗരന്മാരുടെ സംഘങ്ങളെ ജനലിലൂടെ നോക്കുമ്പോൾ പുറത്തുകൂടി കാണാം. രാത്രിയായാൽ വൈദ്യുതി ഓഫ് ചെയ്യും. പിന്നെ ബങ്കറുകളിലേക്ക് ഓടുന്നതൊക്കെ മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ്. അതിർത്തി കടക്കാൻ 1700 കിലോമീറ്റർ സഞ്ചരിക്കണം. ഇത്രയും ദൂരം സ്വന്തം റിസ്കിൽ പോകുന്നത് അപകടമാണെന്നാണ് വിവരം. ഏകദേശം 300 ഓളം മലയാളികൾ ഇവിടെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായും -തെരേസ പറയുന്നു. തങ്ങളുടെ മോചനം ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ.
ജന്മനാട്ടിൽ തിരിച്ചെത്തിയ സന്തോഷത്തിൽ അക്സയും നവ്യയും
കേളകം: യുക്രെയ്നിലെ യുദ്ധമുഖത്ത് നിന്നും ജന്മനാട്ടിൽ തിരിച്ചെത്താനായതിന്റെ സന്തോഷത്തിലാണ് കേളകത്തെ അക്സ തോമസും കണിച്ചാറിലെ നവ്യയും. യുക്രെയ്നിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ജില്ലയിലെ ആദ്യ സംഘത്തിൽ അക്സയും നവ്യയും ഉൾപ്പെട്ടിരുന്നു. കേളകം പെരുന്താനത്തെ കരാമയിൽ തോമസ് സാലി ദമ്പതിമാരുടെ മകൾ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥി അക്സ തോമസ് കേളകം പെരുന്താനത്തെ വീട്ടിലിരുന്ന് അനുഭവങ്ങൾ പറയുകയാണ്. വിനിറ്റ്സ്യ സർവകലാശാലയിലെ വിദ്യാർഥികളായിരുന്ന ഇവരുടെ സംഘത്തിൽ 17 മലയാളികളാണുണ്ടായിരുന്നത്.
ആദ്യം വിനിറ്റ്സ്യയിൽ നിന്നും ഹിമിലിൻസ്കിയിലേക്ക് ട്രെയിൻ മാർഗം എത്തി. ഇവിടെ മൂന്നു മണിക്കൂർ കാത്തിരിപ്പിനു ശേഷം അടുത്ത ട്രെയിനിൽ ലിവിബ് എത്തി. ഇവിടെ നിന്നും മിനി ബസ് കയറി യുക്രെയ്ൻ അതിർത്തിയായ ചോപ്സ് എത്തി. ഇവിടെ നിന്നും ട്രെയിനിലാണ് അതിർത്തി കടന്നത്. ഹംഗറിയിലെ സഹോണിയിലാണ് ഇറങ്ങിയത്. ഹംഗേറിയൻ ഇന്ത്യൻ എംബസി വളന്റിയർമാർ എംബസി തയാറാക്കിയ സ്ഥലങ്ങളിലെത്തിച്ചു.
ഹോട്ടലിൽ ഒരു ദിവസം താമസിച്ച ശേഷമാണ് ഡൽഹിയിലേക്ക് വിമാനം കയറാനായത് - അക്സ പറയുന്നു. കണിച്ചാറിലെ മുളയ്ക്കൽ ജോൺ ടെസി ദമ്പതിമാരുടെ മകളായ നവ്യയും ഹംഗറി അതിർത്തി കടന്നാണ് നാട്ടിലേക്ക് വിമാനം കയറിയത്. യുസ്സുറൂദ് സർവകലാശാലയിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ നവ്യ അടങ്ങുന്ന സംഘം ബസ് മാർഗമാണ് അതിർത്തി കടന്നത്. സർവകലാശാല തന്നെ ഏർപ്പെടുത്തിയ ബസിലായിരുന്നു യാത്ര. ബങ്കറിലേക്ക് മാറി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ നാട്ടിലേക്ക് പോരാനായി. 27ന് കർഫ്യൂ ആയിരുന്നു. പുറത്തിറങ്ങാൻ പോലുമായില്ല. അന്നു രാത്രി 10.30 ഓടെ ബസിൽ യാത്ര തുടങ്ങി. ബുഡപെസ്റ്റ് വിമാനത്താവളത്തിൽ രാവിലെയോടെയാണെത്തിയത്. ശേഷം വിമാനം കയറി ഡൽഹിയിൽ ഇറങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.