വിദേശ ഫലവൃക്ഷമായ പുലാസാന് മലയോരത്തും വിളവെടുപ്പ് കാലം
text_fieldsകേളകം: വിദേശ ഫലവൃക്ഷമായ പുലാസാന് മലയോരത്തും വിളവെടുപ്പ് കാലം. വിദേശത്തുനിന്ന് വിരുന്നെത്തി, മലയാളികളുടെ വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ച ശ്രേഷ്ഠഫലങ്ങളിലൊന്നായ പുലാസാൻ കൃഷിയിൽ വിജയഗാഥ തീർക്കുകയാണ് അടക്കാത്തോട്ടിലെ കുന്നത്ത് ജോബീഷ്, കുന്നത്ത് ബേബി, പടിയക്കണ്ടത്തിൽ തോമസ് തുടങ്ങിയ മാതൃക കർഷകർ. ജോബിഷിന്റെ അരയേക്കർ കൃഷിയിടത്തിലും ബേബി, തോമസ് തുടങ്ങിയവരുടെ കൃഷിയിടത്തിലുമാണ് പുലാസാൻ വിളവെടുപ്പ് നടത്തിയത്.
ആവശ്യക്കാർ വീട്ടിൽ അന്വേഷിച്ച് വന്ന് വാങ്ങുകയാണ് ചെയ്യുക. 250 രൂപയാണ് കിലോ പുലാസാൻ പഴത്തിന്റെ വില. കാഴ്ചയില്‍ റംബൂട്ടാനോട് സാമ്യമുണ്ടെങ്കിലും തനതായ രൂപവും ഉപയോഗക്രമവും കൃഷിരീതിയും സസ്യസ്വഭാവവുമൊക്കെ പുലാസാനുണ്ട്.
റംബൂട്ടാന് ഉള്‍പ്പെടെയുള്ള ‘സാപ്പിന്‍ഡിസി’ സസ്യ കുടുംബത്തിലെ അംഗമായ പുലാസാന് ‘നെഫീലിയം മ്യൂട്ടബൈല്‍’ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിത സ്വഭാവിയായ പുലാസാന് കാഴ്ചയില്‍ത്തന്നെ മനോഹരമായ ഒരു അലങ്കാരവൃക്ഷം കൂടിയാണ്.
തേനിനെ വെല്ലുന്ന മധുരമാണ് പുലാസാന്റെ മറ്റൊരു പ്രത്യേകത. ഉള്‍ക്കാമ്പ് അനായാസമായി വിത്തില്‍നിന്ന് വേര്‍പെടുത്തിയെടുക്കാം. മാംസളഭാഗം നേരിട്ടും ഐസ്ക്രീമുകളിലും പുഡിങ്ങുകളിലും രുചി വര്‍ധകമായും ഉപയോഗിക്കാം. ശരീരത്തിലെ കൊഴുപ്പിനെ കുറക്കാന്‍ സിദ്ധിയുള്ളതിനാല്‍ ഇത് ദുര്‍മേദസ് ഉള്ളവര്‍ക്ക് നല്ലതാണ്. ചര്‍മത്തെ മൃദുലമാക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
പ്രമേഹരോഗികള്‍ക്കും പുലാസാന് നല്ലതാണെന്ന് പറയപ്പെടുന്നു. മലയോര കർഷകരുടെ മോഹ കൃഷിയായാണ് പുലാസാനും റംബൂട്ടാനുമൊക്കെ കൃഷിയിടങ്ങളിൽ നട്ട് പരിപാലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.