രുചിയുടെ ചക്കക്കാലമായി
text_fieldsകേളകം: മലയാളികളുടെ ഇഷ്ടഭോജ്യമായ ചക്കക്കാലം വരവായി. ജനുവരി മുതല്‍ ജൂണ്‍വരെയാണ് കേരളത്തില്‍ ചക്ക സീസണ്. ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ സംസ്കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയുണ്ടായില്ല. ഇതുമൂലം വിളവുകാലത്ത് കൃഷിയിടങ്ങളിൽ കോടികളുടെ വിപണി സാധ്യതയുള്ള ചക്കകൾ നശിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി തലമുറകളുടെ ആഹാര ആവശ്യവും ആരോഗ്യരക്ഷയും നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യ വിളക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. യന്ത്രവത്കരണവും സാങ്കേതിക വിദ്യയും നിറഞ്ഞുനില്ക്കുന്ന കാലത്തും ഇവയുടെ വിപണി സാധ്യതകൾ പോഷിപ്പിക്കുന്നതിൽ നമ്മൾ പിറകിലാണ്.
ആഭ്യന്തര ആവശ്യത്തിനും കയറ്റുമതിക്കുമായി രണ്ടാം കൽപവൃക്ഷമെന്ന് അറിയപ്പെടുന്ന ചക്കയില്‍നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന മൂല്യ വര്‍ധിത ഉൽപന്നങ്ങളുടെ ശ്രേണിയുണ്ട്.
ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല് അച്ചാര്‍, സ്ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്. ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്നാക്ക്, സ്പൈസി ജാക്ക് ഫ്രൂട്ട് സ്നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്ളേവേര്‍ഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പായ്ക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്കയിൽ ചക്കയുടെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നത്. ഇത്തരത്തിൽ ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതി ചുവപ്പുനാടയിൽ പെട്ടു. ചക്കയില്‍ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ പതിനയ്യായിരം കോടി രൂപയോളം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടൽ. മുപ്പത് കോടിയോളം ചക്ക ഇവിടെ പ്രതിവര്‍ഷം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പൂർണമായും ആരോഗ്യദായകമായ ജൈവ ഉത്പന്നം എന്ന നിലയില്‍ ചക്കക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.